വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നതിനെ സ്വാഗതം ചെയ്ത് സിപിഎം, കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമമെന്ന് ലത്തീൻ അതിരൂപത

By Web TeamFirst Published Dec 2, 2022, 7:40 PM IST
Highlights

കേരള ഹൈക്കോടതി ഇടപെട്ടിട്ടും വിഴിഞ്ഞത്ത് പണി മുടങ്ങിയത് മുതൽ, അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നതാണ് കേന്ദ്ര സേനയുടെ സുരക്ഷയെന്ന ആവശ്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് സുരക്ഷക്കായി കേന്ദ്ര സേന വരുന്നതിനെ സ്വാഗതം ചെയ്ത് സിപിഎം.  കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും കണ്ണുരുട്ടി പേടിപ്പിക്കാനാണ് ശ്രമമെന്നും ലത്തീൻ അതിരൂപത വിമർശിച്ചു.  കേന്ദ്രസേനയെ സർക്കാർ പിന്തുണച്ചതോടെ വിഴിഞ്ഞം വിവാദം ഇനി പുതിയ തലങ്ങളിലേക്കാണ് നീങ്ങുന്നത്.

കേരള ഹൈക്കോടതി ഇടപെട്ടിട്ടും വിഴിഞ്ഞത്ത് പണി മുടങ്ങിയത് മുതൽ, അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നതാണ് കേന്ദ്ര സേനയുടെ സുരക്ഷയെന്ന ആവശ്യം. ഈ കാര്യത്തിൽ ഇതുവരെ അനുകൂല നിലപാടെടുക്കാതിരുന്ന സർക്കാരും സിപിഎമ്മും ഒടുവിൽ അദാനിക്ക് കൈ കൊടുത്തു. വിഴിഞ്ഞത്ത്  സ്ഥിതി രൂക്ഷമായ സാഹചര്യത്തിലാണിത്.

നിർമ്മാണ സാമഗ്രികൾ പൊലീസ് സംരക്ഷണത്തോടെ എത്തിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചതും പൊലീസ് സ്റ്റേഷൻ ആക്രമണവുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട് മാറ്റത്തിൻറെ കാരണം. സമരക്കാരെ മുഖ്യമന്ത്രി അടക്കം വെല്ലുവിളിക്കുന്നുണ്ട്. കോടതി വഴി കേന്ദ്രസേനയും സമരം നിർത്താനുള്ള നടപടിയുമെന്നാണ് സർക്കാർ ആഗ്രഹം. അതായത് കേരള പൊലീസിനെ ഇറക്കിയുള്ള ബലപ്രയോഗത്തിൻറെ റിസ്ക്കിന് സർക്കാർ ഇല്ല.

സംസ്ഥാനത്ത് മുമ്പ പല സന്ദർഭങ്ങളിലും കേന്ദ്രസേനയെ വിളിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ചതാണ് സിപിഎം പതിവ്. കേന്ദ്ര സേനക്ക് സ്വാഗതമോതൽ സർക്കാറിന്റെ പിടിപ്പ് കേടാണെന്ന് പറയുന്ന ലത്തീൻ സഭ സമരത്തിൽ  നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിക്കുന്നു.  അദാനിക്കായി ഏതറ്റം വരെയും സർക്കാർ പോകുമെന്നതിൻറെ തെളിവാണ് കേന്ദ്രസേനയെ വിളിക്കൽ എന്ന് പ്രതിപക്ഷം വിമർശിക്കും.  

അതിനിടെ  തുറമുഖ പദ്ധതിയെ എതിർക്കുന്നവരെ തീവ്രവാദികളാക്കുന്ന സർക്കാർ മോദിക്ക് പഠിക്കുകയാണെന്ന് തീരഗവേഷകനും മന്ത്രി ആൻറണി രാജുവിൻറെ സഹോദരനുമായി എജെ വിജയൻ കുറ്റപ്പെടുത്തി. വിജയൻ അടക്കമുള്ള ഒൻപത് പേരാണ് സമരത്തിൻറെ ഗൂഢാലോചനക്ക് പിന്നിലെന്നായിരുന്നു സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ആരോപണം. വിജയനെതിരായ ആരോപണത്തിൽ വിജയൻ തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും തന്നെ വിവാദത്തിലേക്ക് വലിച്ചിടേണ്ടെന്നുമായിരുന്നു ആൻറണി രാജുവിന്റെ പ്രതികരണം.

click me!