വിഴിഞ്ഞം സമരം; നിരോധിത സംഘടനയുടെ സാന്നിധ്യം ആരോപിച്ച് സമരം തകര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സുധാകരന്‍

Published : Nov 30, 2022, 05:17 PM ISTUpdated : Nov 30, 2022, 05:20 PM IST
വിഴിഞ്ഞം സമരം; നിരോധിത സംഘടനയുടെ സാന്നിധ്യം ആരോപിച്ച്	സമരം തകര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സുധാകരന്‍

Synopsis

വിഴിഞ്ഞത്തെ സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടത്തെ തകര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ സുധാകരന്‍ ആരോപിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. വിഴിഞ്ഞത്തെ സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടത്തെ തകര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ സുധാകരന്‍ ആരോപിച്ചു.

സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനകളുടെ ഭാഗമായിരുന്നവരുടെ സാന്നിധ്യം ഉണ്ടെന്നും അത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മാധ്യമവാര്‍ത്തകളുണ്ട്. ഇത് സംബന്ധിച്ച നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണം. അത് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സംഘര്‍ഷത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി ഇത്തരം അഭ്യൂഹങ്ങള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെങ്കില്‍ അത് നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സൗഹൃദ അന്തരീക്ഷം നിലനിര്‍ത്താന്‍ അതാണ് അഭികാമ്യമെന്നും സുധാകരന്‍ പറഞ്ഞു.

Also Read: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം: എൻഐഎ അന്വേഷിക്കും, പൊലീസിനോട് റിപ്പോർട്ട് തേടി

തെളിവുകളുടെ അഭാവത്തില്‍ മത്സ്യത്തൊഴിലാളി സമൂഹത്തെ ഒന്നാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ഭൂഷണമല്ല.പ്രശ്നപരിഹാരം കാണുന്നതിന് പകരം പ്രകോപന ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നത് ഒട്ടും ഗുണകരമല്ല. പ്രശ്നം വഷളാക്കുന്ന പ്രസ്താവനകളാണ് മന്ത്രിമാരും കെ ടി ജലീല്‍ എംഎല്‍എയും നടത്തുന്നത്. വേലിതന്നെ വിളവു തിന്നുന്നതിന് തുല്യമാണിത്.  തീവ്ര ഹൈന്ദവ സംഘടനകളും വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ട്. അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളെ ഒരു കാരണവശാലും  പ്രോത്സാഹിപ്പിക്കരുത്. സംഘര്‍ഷം നടന്ന് ഇത്രയും ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കാത്തതും ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കാത്തതും ദുരൂഹമാണെന്നും സുധാകരന്‍ പറഞ്ഞു.  

മന്ത്രിമാരായ വി അഹ്ദുറഹ്‌മാന്‍, അഹമ്മദ് ദേവര്‍കോവില്‍, വി ശിവന്‍കുട്ടി തുടങ്ങിയവര്‍ ഉപജീവനത്തിനായി പോരാട്ടം നടത്തുന്ന മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളും കലാപകാരികളുമായി ചിത്രീകരിക്കുന്ന പ്രസ്താവനകള്‍ എന്തടിസ്ഥാനത്തിലാണ് നടത്തിയത്. വര്‍ഗീയ സംഘര്‍ഷമാണ് വിഴിഞ്ഞത്ത് നടന്നതെന്ന പ്രകോപനപരമായ പ്രസ്താവന മന്ത്രിമാര്‍ നടത്തിയത് വ്യക്തമായ തെളിവുകളില്ലാതെയാണെങ്കില്‍ അവര്‍ക്കെതിരെയും കേസെടുക്കണം. സമാധാന അന്തരീക്ഷം തകര്‍ത്ത് മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അട്ടിമറിക്കാന്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് ലത്തീന്‍ അതിരൂപത തന്നെ ആരോപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സമരം പൊളിക്കാനും സംഘര്‍ഷം ഉണ്ടാക്കാനും ആസുത്രിത ശ്രമം ഏതെങ്കിലും കേന്ദ്രത്തില്‍ നിന്നുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ