
തിരുവനന്തപുരം: ആർ ശ്രീലേഖയുമായുളള തർക്കത്തിനൊടുവിൽ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിഞ്ഞ വികെ പ്രശാന്ത് എംഎൽഎ ഇന്ന് പുതിയ ഓഫീസ് തുറന്നു. മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്. ശാസ്തമംഗലത്ത് കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ് കെട്ടിടത്തിലെ മുറി ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. കോർപ്പറേഷനുമായി കരാറുണ്ടെന്നും ഒഴിയില്ലെന്നും വികെ.പ്രശാന്ത് ആദ്യം നിലപാടെടുത്തെങ്കിലും പിന്നീട് തർക്കത്തിനില്ലെന്ന് വ്യക്തമാക്കി ഓഫീസ് മാറാൻ തീരുമാനിക്കുകയായിരുന്നു.
ജനങ്ങൾക്ക് കുറച്ചുകൂടി എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഇടം എന്നതാണ് ഓഫീസിന്റെ കാര്യത്തിൽ പരിഗണിച്ചത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് കുറച്ചുകൂടെ സൗകര്യമുള്ള ഓഫീസാണ്. മണ്ഡലത്തിൽ വലിയ വികസനങ്ങൾ നടന്നു. ഇത്തരം വികസന പ്രവര്‍ത്തനങ്ങളെ മറച്ചുവച്ച് വിവാദങ്ങളെ ഉയര്‍ത്തിക്കാട്ടാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു. അതിന്റെ കൂടെ ഭാഗമായാണ് ഓഫീസ് മാറിയത്. സംഘടതിമായി അവസരമായി കണ്ടുകൊണ്ട് ചിലര്‍ മുന്നോട്ടുവരികയാണ്. അതുകൂടി കണ്ടുകൊണ്ടാണ് ഓഫീസ് മാറുന്നതായിരിക്കും നല്ലത് എന്ന് തീരുമാനം എടുത്തത്. പാര്‍ട്ടിയോടും വട്ടിയൂര്‍ക്കാവിലെ ജനങ്ങളോടും ആലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം. അത് നന്നായി എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. എംഎൽഎയെ കാണാൻ 200 പേരെങ്കിലും ദിവസവും വരുന്നുണ്ട്. അവരെ ഉൾക്കൊള്ളാൻ പറ്റുന്ന ഇടമാണ് പുതിയ ഓഫീസ്.
സോഷ്യൽ മീഡിയയിലെ ട്രോളുകളെ കുറിച്ചും പ്രശാന്ത് പ്രതികരിച്ചു. തോൽവി സമ്മതിച്ച് മടങ്ങുകയാണോ എന്ന ചോദ്യത്തിന്, അത് വട്ടിയൂര്‍ക്കാവിലെ ജനങ്ങൾ തീരുമാനിക്കട്ടെ എന്നായിരുന്നു പ്രശാന്തിന്റെ മറുപടി. നൂറുകണക്കിനാളുകൾ വിളിച്ച് നല്ല തീരുമാനമാണെന്ന് പറഞ്ഞു. കാരണം വിവാദത്തിന് പോയി, ഇതുവരെ ചെയ്ത വികസന പ്രവര്‍ത്തനങ്ങൾക്ക് മങ്ങലേൽപ്പിക്കണം എന്നതാണ് അവരുടെ ലക്ഷ്യം. അത് കീഴടങ്ങലായി വ്യഖ്യാനിക്കുന്നവര്‍ക്ക് വേറെ ലക്ഷ്യങ്ങളുണ്ട്. കിടക്കയുമായൊക്കെ ഇറങ്ങിവരുന്നു, അങ്ങനെ ഇറക്കിവിടണമെന്ന് ആഗ്രഹം പലര്‍ക്കും ഉണ്ടല്ലോ, തൽക്കാലം അവര്‍ സന്തോഷിക്കട്ടെ, ബാക്കി കാര്യങ്ങൾ ഭാവിയിൽ ആലോചിച്ച് തീരുമാനിക്കും. ഇത്തവണ കഴക്കൂട്ടത്താണോ മത്സരമെന്ന ചോദ്യത്തിന് എല്ലാം പാര്‍ട്ടി തീരുമാനിക്കും എന്നായിരുന്നു വികെ പ്രശാന്തിന്റെ മറുപടി. മേയറായതും ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചതും പാര്‍ട്ടി പറഞ്ഞിട്ടാണ്. ഇനിയും പാര്‍ട്ടി തീരുമാനത്തിനൊപ്പമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam