
തിരുവനന്തപുരം: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ ആത്മഹത്യ സംബന്ധിച്ച കേസില്‍ നിയമം വെളളാപ്പളളിക്കും ബാധകമാണെന്ന് ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുധീരന്‍ കത്തയച്ചു.
വെള്ളാപ്പള്ളി നടേശനും കൂട്ടരുമാണ് തന്നെ മരണത്തിലേയ്ക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് മഹേശന്റെ കുറിപ്പുകളും അനുബന്ധരേഖകളുമെന്ന് സുധീരന്‍ കത്തില്‍ പറഞ്ഞു. മഹത്തായ എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്തിരുന്ന് ഗുരുവചനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ഭരണകൂടങ്ങളെ സ്വാധിനിച്ച് തന്‍കാര്യം നേടുകയും ചെയ്തുവരുന്ന വെള്ളാപ്പള്ളിക്കെതിരെ വന്നിട്ടുള്ള കേന്ദ്ര ഏജന്‍സികളുടെയും സംസ്ഥാന പൊലീസിന്റെയും നടപടികളൊക്കെ മുങ്ങിപ്പോകുകയാണുണ്ടായിട്ടുള്ളത്.
ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ഒരു കേസില്‍ അദ്ദേഹം ചോദ്യംചെയ്യപ്പെട്ടതുമാത്രമാണ് ഇതില്‍നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ളത്. സംസ്ഥാന പൊലീസിലെ പല ഉന്നത ഉദ്യോഗസ്ഥരും വെള്ളാപ്പള്ളിയുടെ സ്വാധീനവലയത്തിലാണെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അന്വേഷണത്തില്‍ മഹേശന്റെ കുടുംബാംഗങ്ങള്‍ക്ക് വിശ്വാസമില്ലാതാകുന്നത് തികച്ചും സ്വാഭാവികമാണ്.
അതുകൊണ്ട് കേരള പൊലീസിലെ സത്യസന്ധരും കാര്യക്ഷമതയുള്ളവരുമായി ട്രാക്ക് റെക്കോര്‍ഡുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സ്‌പെഷ്യല്‍ ടീമിനെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. അതേസമയം, കെ കെ മഹേശന്‍റെ ആത്മഹത്യ സംബന്ധിച്ച കേസില്‍ പൊലീസിനെതിരെ ഭാര്യ ഉഷാദേവി രംഗത്ത് വന്നിരുന്നു.
പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണ്. മരണം സംബന്ധിച്ച പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഉഷാദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ, അന്വേഷണം നിർണായക ഘട്ടത്തിലാണ് എന്നാണ് പൊലീസ് അറിയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നാളെ ചോദ്യം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam