'ഉമ്മന്‍ചാണ്ടിയുടെ ഇരമ്പുന്ന സ്മരണകള്‍ക്ക് മുന്നില്‍  ആദരാഞ്ജലികള്‍'; വൈകാരിക കുറിപ്പുമായി മന്ത്രി

Published : Jul 22, 2023, 12:10 AM IST
'ഉമ്മന്‍ചാണ്ടിയുടെ ഇരമ്പുന്ന സ്മരണകള്‍ക്ക് മുന്നില്‍  ആദരാഞ്ജലികള്‍'; വൈകാരിക കുറിപ്പുമായി മന്ത്രി

Synopsis

''അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നതുകൊണ്ട് പകയോ,വെറുപ്പോ, വിദ്വേഷമോ പ്രകടിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് സംസ്‌കാരമല്ല''. 

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപ യാത്രയിൽ ഉടനീളം പങ്കെടുത്ത മന്ത്രി വി എൻ വാസവൻ വികാര നിർഭരമായ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചു. ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കൊപ്പം സഞ്ചരിച്ചത് പൊതുപ്രവര്‍ത്തന ജീവിതത്തിലെ വേറിട്ടൊരു അനുഭവമായിരുന്നു. വിലാപയാത്രയില്‍ ഞാന്‍ പങ്കെടുത്തത് അതില്‍ രാഷ്ട്രീയം കലര്‍ത്താത്ത ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി ആയതുകൊണ്ടുതന്നെയാണ്. അത് ഒരു സംസ്‌കാരമാണ്, ഇത് കേരള രാഷ്ട്രീയത്തില്‍ എല്ലാവരിലും വളര്‍ന്നു വരേണ്ട ഒന്നാണെന്നും മന്ത്രി കുറിച്ചു.

ഒന്നര ദിവസത്തിലധികം നീണ്ട ആ യാത്രയിൽ ഭക്ഷണം കഴിക്കുവാനോ ഉറങ്ങുവാനോ കഴിഞ്ഞിരുന്നില്ല. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ വേണ്ടിമാത്രമാണ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത്. അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നതുകൊണ്ട് പകയോ വെറുപ്പോ വിദ്വേഷമോ പ്രകടിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് സംസ്‌കാരമല്ല. ഇക്കാലങ്ങളിലെല്ലാം ഞങ്ങളിരുവരും വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച് പരസ്പരം സ്‌നേഹബഹുമാനങ്ങളോടെയാണ് പെരുമാറിയിരുന്നത്.

ഇടപെടുന്നവര്‍ക്കെല്ലാം ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായ ഉമ്മന്‍ചാണ്ടിയുടെ ഇരമ്പുന്ന സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം സന്തപ്ത കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ബുധനാഴ്ച്ച രാവിലെ 7.10 ന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ആരംഭിച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനിയില്‍ എത്തുമ്പോള്‍  വ്യാഴാഴ്ച്ച രാവിലെ 10.30കഴിഞ്ഞിരുന്നു. നേരത്തോട് നേരത്തിലധികം നീണ്ടയാത്ര ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കൊപ്പം സഞ്ചരിച്ചത് പൊതുപ്രവര്‍ത്തന ജീവിതത്തിലെ വേറിട്ടൊരു അനുഭവമായിരുന്നു. വിലാപയാത്രയില്‍ ഞാന്‍ പങ്കെടുത്തത് അതില്‍ രാഷ്ട്രീയം കലര്‍ത്താത്ത ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി ആയതുകൊണ്ടുതന്നെയാണ്. അത് ഒരു സംസ്‌കാരമാണ്, ഇത് കേരള രാഷ്ട്രീയത്തില്‍ എല്ലാവരിലും വളര്‍ന്നു വരേണ്ട ഒന്നാണ്.

ഒന്നര ദിവസത്തിലധികം നീണ്ട ആ യാത്രയിൽ ഭക്ഷണം കഴിക്കുവാനോ ഉറങ്ങുവാനോ കഴിഞ്ഞിരുന്നില്ല. പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കാൻ വേണ്ടിമാത്രമാണ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത്.  തിരുവനന്തപുരം മുതല്‍ പുതുപ്പള്ളി വരെ  ചെറുതും വലുതുമായ ആള്‍ക്കൂട്ടം അ േദ്ദഹത്തിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി വഴിയോരങ്ങളില്‍ കാത്തുനിന്നിരുന്നു. കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍,തിരുവല്ല, ചങ്ങനാശ്ശേരി  തുടങ്ങിയ ഇടങ്ങളിലെല്ലാം ആബാലവൃദ്ധം ജനങ്ങള്‍ പുലരുവോളം കാത്തുനിന്നത് ജനങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെ തെളിവായി. തറവാട് വീട്ടിലും ഉമ്മന്‍ചാണ്ടി പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിലും, പുതുപ്പള്ളി പള്ളിയിലും നടന്ന സംസ്‌കാര ശുശ്രൂഷകളിലുംപൂര്‍ണ്ണമായും പങ്കെടുത്തു. കോട്ടയം ജില്ല ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത അത്രയും ജനസഞ്ചയമായിരുന്നു സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

രാഷ്ട്രീയ ഭിന്നത ഉള്ളപ്പോഴും ഒരു പൊതുപ്രവര്‍ത്തകന്റെ അന്ത്യയാത്രയെ അനുധാവനം ചെയ്യുന്നത് രാഷ്ട്രീയ അന്തസ്  ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ  അടയാളപ്പെടുത്തലായാണ് അനുഭവപ്പെട്ടത്. രാഷ്ട്രീയ കേരളത്തിന്റെ അതികായന്മാരില്‍ ഒരാളായ ഉമ്മന്‍ചാണ്ടി  ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാരവാഹിയായും, പിന്നീട് അദ്ദേഹത്തിനെതിരായി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായും ഞാന്‍ രണ്ടുതവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളുടെ ഭാഗമായിരുന്നു അത്. ഉമ്മന്‍ചാണ്ടിയും ഞാനും പ്രതിനിധാനം ചെയ്യുന്നത് വ്യത്യസ്ഥമായ രാഷ്ട്രീയമാണ്. അതുകൊണ്ടുതന്നെ ഐക്യത്തിലുപരി അഭിപ്രായ ഭിന്നതയാണ് ഞങ്ങളുടെ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നതുകൊണ്ട് പകയോ,വെറുപ്പോ, വിദ്വേഷമോ പ്രകടിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് സംസ്‌കാരമല്ല. 

ഇക്കാലങ്ങളിലെല്ലാം ഞങ്ങളിരുവരും വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച് പരസ്പരം സ്‌നേഹബഹുമാനങ്ങളോടെയാണ് പെരുമാറിയിരുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സമചിത്തതയോടെയും തികഞ്ഞ ആത്മസംയമനത്തോടെയും മിതത്വം പാലിച്ചുകൊണ്ടുള്ള നിലപാട് ആണ് അദ്ദേഹം സ്വീകരിച്ചിരിന്നത്.ഇടപെടുന്നവര്‍ക്കെല്ലാം ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായ ഉമ്മന്‍ചാണ്ടിയുടെ ഇരമ്പുന്ന സ്മരണകള്‍ക്ക് മുന്നില്‍  ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം സന്തപ്ത കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ