
വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ ആരോപണം തെറ്റെന്ന് തെളിഞ്ഞു. ബിജെപി നേതാവ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വയനാട്ടില്‍ വ്യാപകമായ ക്രമക്കേടുകൾ ആരോപിച്ചിരുന്നു. ഏറനാട് മണ്ഡലത്തിലെ ആരോപണമാണ് പൊളിഞ്ഞത്. മൈമൂന എന്ന ഒരു വോട്ടർക്ക് മൂന്നു ബൂത്തുകളിൽ വോട്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. ഏറനാട് മണ്ഡലത്തിലെ വോട്ടറായ മൈമൂനക്ക് 115, 135, 152 എന്നീ ബൂത്തുകളില്‍ വോട്ടുണ്ടെന്നായിരുന്നു ആരോപണം. മൂന്ന് ബൂത്തുകളിലും വോട്ടുള്ളത് വെവ്വേറെ മൈമൂനമാർക്കെന്ന് നിലവില്‍ തെളിഞ്ഞിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ മൂന്ന് മൈമൂനമാരേയും കണ്ടെത്തി. മൂന്നു പേരും മൂന്ന് പഞ്ചായത്തുകളിൽ താമസിക്കുന്നവരാണ്. അരീക്കോട്, കാവനൂർ, കുഴിമണ്ണ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരാണിവര്‍. ഈ മൂന്നു പേർക്കും ഒരു ബൂത്തിൽ മാത്രമാണ് വോട്ടുള്ളത്. കാവനൂർ പഞ്ചായത്തിലെ മൈമൂനക്ക് വോട്ടുള്ളത് 115 നമ്പർ ബൂത്തിലാണ്, ക്രമനമ്പർ 778.
കുഴിമണ്ണ പഞ്ചായത്തിലെ മൈമൂനക്ക് 152 നമ്പർ ബൂത്തിൽ, 541 ക്രമനമ്പറിൽ വോട്ട്. അരീക്കോട് പഞ്ചായത്തിൽ താമസിക്കുന്ന മൈമൂനയ്ക്ക് വോട്ട് 135 നമ്പർ ബൂത്തിൽ, 669 ക്രമനമ്പറിൽ വോട്ട്. ഇതോടെ ബിജെപി ദേശീയ നേതൃത്വത്തിന്‍റെ ആരോപണം പൊളിഞ്ഞിരിക്കുകയാണ്.
വയനാട് ലോക്സഭ മണ്ഡലത്തിൽ 93,000 വോട്ടുകൾ കൃത്രിമമായി ചേർത്തതാണ് എന്ന ബിജെപി നേതാവ് അനുരാഗ് ഠാക്കൂറിന്‍റെ വാദത്തില്‍ വയനാട്ടിലെ വോട്ടര്‍മാര്‍ പ്രതികരിച്ചിട്ടുണ്ട്. വ്യത്യസ്ത മതത്തിലുള്ളവർ ഒരു വീട്ടിൽ താമസിക്കുന്നുവെന്ന തരത്തിലാണ് വിലാസം നല്‍കിയിരിക്കുന്നത് എന്നായിരുന്നു മുന്‍ കേന്ദ്ര മന്ത്രികൂടിയായ ഠാക്കൂറിന്‍റെ ആരോപണം. വയനാട്ടിലെ കൽപ്പറ്റയിലെ ചൗണ്ടേരിയിലെ രണ്ടു വോട്ടർമാരെ അദ്ദേഹം ഉദാഹരണം ആക്കി പറയുകയും ചെയ്തു.
ചൗണ്ടേരി എന്ന പേരിൽ ഉമറും ലില്ലിക്കുട്ടിയും ഫാറൂഖും കമലമ്മയും എങ്ങനെ വന്നു എന്നാണ് അനുരാഗ് താക്കൂറിന്റെ ചോദ്യം. എന്നാല്‍ പിന്നീട് വ്യക്തമാകുന്നത് ചൗണ്ടേരി എന്നത് വീട്ടുപേരല്ല, ഒരു ചെറിയ ദേശത്തിന്റെ പേരാണ്. പഴയ കാലത്തേ ചാമുണ്ഡേശ്വരി കുന്നാണ് പിന്നീട് ചൗണ്ടേരി ആയതാണ് എന്നാണ് വോട്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ജാതി മത വ്യത്യാസം ഇല്ലാതെ ഈ നാട്ടിൽ മിക്കവരും ചൗണ്ടേരി എന്നത് പേരിനോട് ചേർക്കുന്നു എന്നാണ് അവര്‍ പറയുന്നത്.