ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വേണ്ട സുപ്രധാന ഘടകങ്ങളുടെ നിർമാണം; തിരുവനന്തപുരത്തെ എന്‍ഐഐഎസ്ടിയുമായി ധാരണാപത്രമായി

Published : Mar 20, 2024, 06:07 PM ISTUpdated : Mar 20, 2024, 11:13 PM IST
ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വേണ്ട സുപ്രധാന ഘടകങ്ങളുടെ നിർമാണം; തിരുവനന്തപുരത്തെ എന്‍ഐഐഎസ്ടിയുമായി ധാരണാപത്രമായി

Synopsis

ഇലക്ട്രോണിക്, മാഗ്നറ്റിക് ആപ്ലിക്കേഷനുകള്‍ക്കായുള്ള ഉത്പന്നങ്ങള്‍, യാന്ത്രിക ലോഹസങ്കരമടക്കമുള്ള തന്ത്രപ്രധാന വസ്തുക്കളുടെ ഗവേഷണവും വികസനവുമെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരം: ബഹിരാകാശ പദ്ധതികള്‍ക്കുള്ള തന്ത്രപ്രധാനമായ വസ്തുക്കള്‍ വികസിപ്പിക്കാനും ഗവേഷണം ശക്തിപ്പെടുത്തുന്നതിനുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍ - എന്‍ഐഐഎസ്ടി) വിക്രം സാരാഭായ് സ്പേസ് സെന്‍ററുമായി (വിഎസ്എസ് സി) സമഗ്ര ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ വിഎസ്എസ് സി ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായരുമായി ഇത് സംബന്ധിച്ച സംയുക്ത ധാരണാപത്രം കൈമാറി. ബഹിരാകാശ പദ്ധതികള്‍ക്കായുള്ള തന്ത്രപ്രധാന ലോഹസങ്കരമടക്കമുള്ള നവീന ഉത്പന്നങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായാണ് ധാരണ.

കേന്ദ്ര സര്‍ക്കാരിന്‍റെ കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന് (സിഎസ്ഐആര്‍) കീഴിലുള്ള പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രമായ എന്‍ഐഐഎസ്ടി ബഹിരാകാശ മേഖലയിലെ ഗവേഷണത്തിലും വികസനത്തിലും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്‍റെ (ഐഎസ്ആര്‍ഒ) പ്രധാന കേന്ദ്രമായ വിഎസ്എസ് സിയ്ക്ക് ഈ നേട്ടങ്ങള്‍ ഫലപ്രദമാകും.

ബഹിരാകാശ ഗവേഷണത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യയ്ക്ക് സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ഉന്നത നിലവാരമുള്ള മെറ്റീരിയലുകളും ഇലക്ട്രോണിക്സ് ഘടകങ്ങളും ഐഎസ്ആര്‍ഒയ്ക്ക് ആവശ്യമാണ്. രാജ്യത്തിനകത്ത് തന്നെ ഇവ നിര്‍മ്മിക്കുന്നതില്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. 

"റോക്കറ്റുകള്‍ക്കും ഉപഗ്രഹങ്ങളുടെ നിര്‍മ്മാണത്തിനും ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഏറിയ പങ്കും രാജ്യത്തിനകത്ത് തന്നെയുള്ളവയാണ്. അതേസമയം ഉയര്‍ന്ന നിലവാരത്തിലുള്ള സംയുക്തങ്ങളും ഇലക്ട്രോണിക്സ് ഘടകങ്ങളും നിര്‍മ്മിക്കുന്നതിന് നമുക്ക് ഇപ്പോഴും ചില ന്യൂനതകളുണ്ട്. ഈ രംഗത്ത് നമ്മള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണം. ലോകത്തിന്‍റെ നെറുകയിലെത്തണമെങ്കില്‍ ഈ മേഖലകള്‍ നിര്‍ണായകമാണെന്നും വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഒരേയൊരു മാര്‍ഗമാണിതെന്നും" ഡോ. സോമനാഥ് ചൂണ്ടിക്കാട്ടുന്നു.

ഐഎസ്ആര്‍ഒയുടെ ബഹിരാകാശ പദ്ധതികള്‍ക്കായുള്ള തന്ത്രപ്രധാന വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് എന്‍ഐഐഎസ്ടി സുപ്രധാന പരിഗണനയാണ് നല്‍കുന്നതെന്നും ഐഎസ്ആര്‍ഒയുടെ നിര്‍ദേശം അനുസരിച്ചുള്ള പ്രത്യേക എഞ്ചിനീയറിംഗ് ഘടകങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ പറഞ്ഞു.

ഇലക്ട്രോണിക്, മാഗ്നറ്റിക് ആപ്ലിക്കേഷനുകള്‍ക്കായുള്ള ഉത്പന്നങ്ങള്‍, യാന്ത്രിക ലോഹസങ്കരമടക്കമുള്ള തന്ത്രപ്രധാന വസ്തുക്കളുടെ ഗവേഷണവും വികസനവുമെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത നിലവാരമുള്ള ഗവേഷണത്തിനും ഉത്പന്നങ്ങളുടെ വികസനത്തിനുമായി അത്യാധുനിക സംവിധാനങ്ങള്‍ എന്‍ഐഐഎസ്ടി സജ്ജീകരിച്ചിട്ടുണ്ട്. കാര്‍ബണ്‍ ഫൈബര്‍ സംയുക്തങ്ങള്‍, ഇറിഡിയം കോട്ടിംഗുകള്‍ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് ഇതിനോടകം വിഎസ്എസ് സി, എന്‍ഐഐഎസ്ടിയുമായി സഹകരിക്കുന്നുണ്ട്.

ചന്ദ്രയാന്‍, ആദിത്യ-എല്‍ വണ്‍ പദ്ധതികളുടെ വിജയത്തിന് ശേഷം ഇനിയുള്ള ബഹിരാകാശ പദ്ധതികള്‍ക്ക് വേണ്ട തന്ത്രപരമായ വസ്തുക്കളും നൂതന സാങ്കേതികവിദ്യകളും തദ്ദേശീയമായി വികസിപ്പിക്കാനാണ് ഐഎസ്ആര്‍ഒയുടെ ശ്രമം. അടുത്തകാലത്തെ ചരിത്രപരമായ നേട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ രണ്ട് പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വരും വര്‍ഷങ്ങളില്‍ ബഹിരാകാശ ദൗത്യങ്ങളില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ക്ക് പ്രചോദനമാകും. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഈ ധാരണ സഹായകമാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്