'ചെകുത്താന്മാരെ പാലും ചോരയുമൂട്ടി വളര്‍ത്തിയ നമ്പൂതിരിപ്പാട്'; ഇഎംഎസിനെതിരെ വി ടി ബല്‍റാം

By Web TeamFirst Published Sep 27, 2022, 7:50 PM IST
Highlights

'കോൺഗ്രസിനെ തകർക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഒരുപാട് ചെകുത്താന്മാരെ കാലാകാലങ്ങളിൽ പാലൂട്ടി/ചോരയൂട്ടി വളർത്തിയ നമ്പൂതിരിപ്പാടിന്റെ മണ്ണിൽ പ്രസിഡണ്ടായി ജനങ്ങൾ തെരഞ്ഞെടുത്ത അടിസ്ഥാന വർഗ്ഗക്കാരൻ!'- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

മലപ്പുറം:  സിപിഐഎമ്മിന്റെ സമുന്നത നേതാവായിരുന്ന ഇഎംഎസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം. ഇഎംഎസിന്റെ ജന്മനാടായ ഏലംകുളത്ത് രാഹുല്‍ ഗാന്ധിയെയും ജോഡോ യാത്രയേയും പരിഹസിച്ച്  ഡിവൈഎഫ്ഐയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ടതിന്  പിന്നാലൊണ് ബല്‍റാമിന്റെ പ്രതികരണം.  'ചെകുത്താന്‍മാരെ ചോരയൂട്ടി വളര്‍ത്തിയ ആളാണ് ഇഎംഎസ് നമ്പൂതിരിപ്പാട് എന്നാണ് വിടി ബല്‍റാമിന്‍റെ പരാമര്‍ശം.

ഏലംകുളം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റും മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ സി സുകുമാരനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ്  കേരളത്തിന്‍റെ  ആദ്യ മുഖ്യമന്ത്രിയായ ബല്‍റാം ഇഎംഎസിനെ 'ചെകുത്താന്‍മാരെ ചോരയൂട്ടി വളര്‍ത്തിയ നമ്പൂതിരിപ്പാട്' എന്ന് വിശേഷിപ്പിച്ചത്. 
 
'സുഹൃത്തും സഹപ്രവർത്തകനുമായ ഒരാളെ ഒന്ന് പരിചയപ്പെടുത്താം, പേര് സി. സുകുമാരൻ. ഞങ്ങളുടെ കാലത്ത് യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡണ്ടും ഇപ്പോൾ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമാണ്. ഒന്നുകൂടി ഉണ്ട്, ഏലംകുളം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ടാണ് സുകുമാരൻ. നാൽപ്പത് വർഷത്തെ സിപിഎം കുത്തക തകർത്ത് ഏലംകുളം പഞ്ചായത്തിന്റെ ഭരണത്തലപ്പത്തേക്ക് കടന്നുവന്നിരിക്കുന്ന കോൺഗ്രസുകാരൻ. കോൺഗ്രസിനെ തകർക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഒരുപാട് ചെകുത്താന്മാരെ കാലാകാലങ്ങളിൽ പാലൂട്ടി/ചോരയൂട്ടി വളർത്തിയ നമ്പൂതിരിപ്പാടിന്റെ മണ്ണിൽ പ്രസിഡണ്ടായി ജനങ്ങൾ തെരഞ്ഞെടുത്ത അടിസ്ഥാന വർഗ്ഗക്കാരൻ!'- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഭാരത് ജോഡോ യാത്രക്കെതിരായ  ഡിവൈഎഫ്ഐ ബാനറിനെതിരെ ബല്‍റാം നേരത്തെയും രംഗത്ത് വന്നിരുന്നു. ബാനറിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച വി ടി ബല്‍റാം, 'കറുത്ത ബാനറുമായി കമ്മികള്‍, തുടുത്ത മനസുമായി ജനങ്ങള്‍' എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.  അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര മലപ്പുറത്ത് പുരോഗമിക്കുകയാണ്.  ആദ്യ ഘട്ടം പുലാമന്തോളിൽ നിന്നാരംഭിച്ച് പൂപ്പലത്ത് യാത്ര സമാപിച്ചു. ലീഗ് നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.  ഉച്ചക്ക് ശേഷം 4 മണിക്ക് പട്ടിക്കാട് നിന്നും പാണ്ടിക്കാട് വരെ 11 കി.മീറ്റർ ആണ് ഭാരത് ജോഡോ പദയാത്ര നടത്തുന്നത്.  രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരിലൂടെ യാത്ര അടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയിലേക്ക് കടക്കും.

click me!