
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതിയും ശ്രീറാമിന്‍റെ സുഹൃത്തുമായ വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസൻസും ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. തുടർച്ചയായ നിയമ ലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് ലൈസൻസ് സസ്പെന്‍ഡ് ചെയ്തതെന്ന് ഗതാഗത വകുപ്പ് പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കാരണം കാണിക്കൽ നോട്ടീസിന് വഫ സമയപരിധിക്കുള്ളിൽ വിശദീകരണം നൽകിയിട്ടില്ലെന്ന് ആർടിഒ പറഞ്ഞു. നേരത്തെ അമിത വേഗതയ്ക്കും, സൺ ഫിലിം ഒട്ടിച്ചതിനും വഫ പിഴയടച്ചിരുന്നു. ഇത് നിയമലംഘനം അംഗീകരിച്ചതിന് തെളിവാണെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് ശ്രീറാമിന്റെ ലൈസൻസ് റദ്ദാക്കിയത്.
അപകടം നടന്ന ഉടൻതന്നെ ശ്രീറാമിന്‍റെയും ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്‍റെയും ലൈസൻസുകൾ റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർടിഒ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഇതുണ്ടായില്ല. ശ്രീറാമിന്‍റെ സുഹൃത്ത് ആർടിഒ നൽകിയ നോട്ടീസ് കൈപ്പറ്റിയെന്നും മറുപടി നൽകാൻ രണ്ടാഴ്ച സമയം നൽകിയതാണ് നടപടിയെടുക്കാൻ വൈകിയതെന്നുമായിരുന്നു ഗതാഗത വകുപ്പ് നൽകിയ വിശദീകരണം.
നടപടി വൈകിപ്പിക്കാൻ ഒത്തു കളി നടക്കുന്നെന്ന മാധ്യമറിപ്പോർട്ടുകൾ പുറത്തു വന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയോ എന്ന് ഗതാഗത സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam