
തിരുവനന്തപുരം: മാസങ്ങളായി തുടരുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കാനുള്ള കാത്തിരിപ്പ് നീളും. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ വിപുലമായ ഇളവുകൾ പ്രഖ്യാപിക്കും എന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും നാളെ യോഗം ചേരില്ല. ഇനി ശനിയാഴ്ച മാത്രമേ അവലോകന യോഗം ചേരാൻ സാധ്യതയുള്ളൂ.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകൾ തുറക്കുന്നതിലും അടുത്ത അവലോകന യോഗത്തിൽ തീരുമാനമുണ്ടാവും എന്നായിരുന്നു സർക്കാർ വൃത്തങ്ങൾ നൽകിയ സൂചന. ടേബിളുകൾ തമ്മിലുള്ള അകലം കൂട്ടി ഹോട്ടലുകളിൽ ഡൈനിംഗും ബാറുകൾക്കും അനുമതി നൽകണമെന്ന നിർദേശമാണ് സർക്കാരിന് മുന്നിലുള്ളത്.
തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ മ്യൂസിയങ്ങൾ ഇന്ന് മുതൽ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രഭാത-സായാഹ്ന നടത്തത്തിനും അനുമതിയുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയും ജീവനക്കാർക്ക് കാർഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നിർബന്ധമാക്കിയും കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ച സർക്കാർ ആദ്യഡോസ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനം കടന്നതോടെയാണ് വിപുലമായ ഇളവുകൾ നൽകുന്നത് പരിഗണിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam