വാളയാർ കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

By Web TeamFirst Published Jan 6, 2021, 7:26 AM IST
Highlights

എന്നാൽ കേസ് അന്വേഷിച്ച പോലീസിന്റെയും കേസ് നടത്തിയ പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ ആണ് പ്രതികളെ വെറുതെ വിടാൻ കാരണമായതെന്നാണ് സർക്കാർ വാദം. 

കൊച്ചി: വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നൽകിയ അപ്പീലിൽ ഹൈകോടതി ഇന്ന് വിധിപറയും. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്റെ അനുകൂല്യത്തിൽ ആണ് പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ്‌ എന്നിവരെ പാലക്കാട്‌ പോക്സോ കോടതി വെറുതെ വിട്ടത്.

എന്നാൽ കേസ് അന്വേഷിച്ച പോലീസിന്റെയും കേസ് നടത്തിയ പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ ആണ് പ്രതികളെ വെറുതെ വിടാൻ കാരണമായതെന്നാണ് സർക്കാർ വാദം. വേണ്ടിവന്നാൽ തുടർ അന്വേഷണത്തിനോ പുനർ അന്വേഷണത്തിനോ സർക്കാർ ഒരുക്കമാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. 

തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതിയ്ക്കും വീഴ്ച സംഭവിച്ചെന്നു സർക്കാർ വാദിച്ചു.കേസിൽ പോലീസ് തുടക്കം മുതൽ പ്രതികൾക്ക് അനുകൂലമാക്കി കേസ് മാറ്റിയെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ വാദം.

2017 ജനുവരി 13നും , മാർച്ച്‌ 4നുമാണ് 13ഉം 9ഉം വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഢനം സഹിക്കാനാവാതെയാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്.2019 ഡിസംബറിൽ ആണ് സർക്കാർ അപ്പീൽ നൽകിയത്.

click me!