പാലക്കാട്: വാളയാർ കേസിലെ പ്രോസിക്യൂട്ടർ നിയമനം പുതിയ വിവാദത്തിലേക്ക്. സിപിഎം നോമിനിയായ അഭിഭാഷകന്റെ നിയമനം കേസ് വീണ്ടും അട്ടിമറിക്കപ്പെടാൻ വേണ്ടിയാണെന്ന് പരാതി ഉയരുന്നു. ഇതുവരെ ഒരു പോക്സോ കേസ് പോലും കൈകാര്യം ചെയ്യാത്ത അഭിഭാഷകനെ നിയമിച്ചത് ദുരൂഹതയെന്നാണ് ആരോപണം.
വാളയാർ കേസിൽ പ്രോസിക്യൂഷനും പ്രോസിക്യൂട്ടർ ലത ജയരാജിനും വീഴ്ച പറ്റിയെന്ന് കാട്ടി ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകിയതിന് തൊട്ടുപുറകെയാണ് പുതിയ നിയമനം. വാളയാർ ഉൾപ്പെടെയുളള പാലക്കാട്ടെ പോക്സോ കേസുകളിലാണ് പുതിയ പ്രോസിക്യൂട്ടറായി അഡ്വ. സുബ്രഹ്മണ്യനെ സർക്കാർ നിയമിച്ചത്. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഈ നിയമനമെന്നാണ് ആക്ഷേപമുയരുന്നത്. പഴയ പ്രോസിക്യൂട്ടറെ മാറ്റി, വിജ്ഞാപനം പോലുമില്ലാതെ പുതിയ ഒരാളെ നിയമിക്കുകയായിരുന്നു. പോക്സോ കേസുകളിൽ പ്രോസിക്യൂട്ടർ തസ്തിക ഒഴിഞ്ഞുകിടക്കരുതെന്ന സാങ്കേതികത്വം സർക്കാർ വിശദീകരിക്കുമ്പോഴും പരാതികളേറെയാണ്:
"'നമുക്ക് പരിചയമുള്ള അഭിഭാഷകനാണ് അദ്ദേഹം. അദ്ദേഹത്തിന് മര്യാദയ്ക്ക് കേസ് വാദിക്കാൻ അറിയില്ല. മര്യാദയ്ക്ക് കേസുകളുമില്ല. പാർട്ടിക്കാരനാണ് എന്ന പേരിൽ മാത്രം ഒരു അഭിഭാഷകനെ നിയമിക്കുകയാണ്. എങ്കിൽ മികച്ച അഭിഭാഷകനെ നിയമിക്കാത്തതെന്ത്? വേണമെങ്കിൽ ഒരു അഭിഭാഷകരുടെ പാനൽ ഞങ്ങൾ സർക്കാരിന് കൊടുക്കാൻ തയ്യാറാണ്'', എന്ന് വാളയാർ ആക്ഷൻ കൗൺസിൽ അംഗം ബാലമുരളി.
സുപ്രധാനമായ വാളയാർ കേസിന്‍റെ ഗൗരവം കണക്കിലെടുക്കാത്തത് പോലെയാണ് പ്രോസിക്യൂട്ടർ നിയമനമെന്നാണ് ബിജെപിയുടെ ആരോപണം. ഒരുവർഷത്തിനകം മുന്നുതവണ പ്രോസിക്യൂട്ടറെ മാറ്റിയത് ദുരൂഹമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. കൃഷ്ണദാസ് പറയുന്നു:
''ഒരു കേസിൽ വർഷം മൂന്ന് തവണ പ്രോസിക്യൂട്ടറെ മാറ്റിയെങ്കിൽ കേസിൽ വീഴ്ചയുണ്ടായെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ഗുരുതര വീഴ്ച പറ്റിയെന്നും തെളിയിക്കാൻ വേറെന്ത് വേണം?''
വാളയാർ കേസിൽ കുടുംബത്തിനൊപ്പമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും പ്രോസിക്യൂട്ടർ നിയമത്തിലുൾപ്പെടെ ആത്മാർത്ഥയില്ലെന്നാണ് വ്യാപകമായ പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam