
പാലക്കാട്: വാളയാര്‍ കേസിൽ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പോക്സോ കേസും ചുമത്തി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിൽ പ്രതികരണവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. നിരപരാധിത്വം തെളിയിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സിബിഐ തെളിവുതരട്ടെയെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സിബിഐയിൽ വിശ്വാസമില്ലാതായി. മക്കളുടെ മരണത്തിൽ സിബിഐ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാൻ കഴിയുമെന്ന വിശ്വാസം നഷ്ടപ്പെട്ടു.
യഥാർഥ പ്രതികളെ പറയാൻ കഴിയാത്തത് കൊണ്ടാണ് സി.ബി.ഐ മാതാപിതാക്കളെ പ്രതി ചേർത്തത്. ഇതിനെ നിയമപരമായി നേരിടും. സി.ബി.ഐക്കാൾ കേരള പൊലീസാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു. മക്കളുടേത് കൊലപാതകമെന്ന കാര്യം ഒരിക്കൽ തെളിയുമെന്നും അമ്മ പറഞ്ഞു. കേസ് അട്ടിമറിക്കാൻ തന്നെയാണ് സിബിഐയുടെയും ലക്ഷ്യം. യഥാര്‍ത്ഥ പ്രതികളിലേക്ക് അവര്‍ക്ക് എത്താൻ കഴിയാത്തതിനാലാണ് മാതാപിതാക്കളെ പ്രതി ചേര്‍ത്തത്. നേരത്തെ പൊലീസ് നടത്തിയ അന്വേഷണം തെറ്റായ രീതിയിലാണെന്നും കേസ് അട്ടിമറിക്കപ്പെട്ടുവെന്നും കോടതിക്കും സര്‍ക്കാരിനും ബോധ്യമായതിനാലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാൽ, എന്നിട്ടും കേസ് അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നതിന്‍റെ തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. കുഞ്ഞ് മരിക്കുന്നതിന് മുമ്പെ പീഢിക്കപ്പെട്ട കാര്യം മാതാപിതാക്കള്‍ അറിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. ഇതിനാലാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ഇന്ന് താൻ ഇങ്ങനെ മാധ്യമങ്ങള്‍ക്ക് മുന്നിൽ നിൽക്കുമായിരുന്നില്ല. ആദ്യത്തെ മകള്‍ പീഡനത്തിനിരയായത് അറിയാൻ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തരാൻ ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. രണ്ടാമത്തെ മകളും മരിച്ചശേഷമാണ് അത് ലഭിക്കുന്നത്. അപ്പോഴാണ് രണ്ടു പേരും പീഡിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞത്.
കേസ് അട്ടിമറിക്കാതിരിക്കാനാണ് അഡ്വ. രാജേഷ് മേനോനെ നൽകാൻ സര്‍ക്കാരിനെ അറിയിച്ചത്. എന്നാൽ, ഇപ്പോഴും അഡ്വ. രാജേഷ് മേനോനെ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഉന്നതരായ വക്കീലന്മാരെ സര്‍ക്കാര്‍ തന്നാലും ഞങ്ങള്‍ക്ക് തൃപ്തി രാജേഷ് മേനോൻ ആണ്. നീതി കിട്ടുന്നുവരെ പോരാട്ടം തുടരും. കേരള പൊലീസിനേക്കാളും മോശമായിട്ടാണ് സിബിഐയുടെ അന്വേഷണം നടക്കുന്നതെന്ന് ഇതോടെ വ്യക്തമായി. യഥാര്‍ത്ഥ പ്രതികള്‍ ആരാണെന്ന് സിബിഐയ്ക്ക് അറിയമായിരുന്നിട്ടും ഈ അവസാനഘട്ടത്തിൽ മാതാപിതാക്കളെ പ്രതി ചേര്‍ത്ത് കേസ് അട്ടിമറിക്കുകയാണെന്നും അമ്മ ആരോപിച്ചു.
വാളയാർ കേസിൽ സിബിഐയുടെ അപ്രതീക്ഷിത നീക്കം; അച്ഛനും അമ്മയും പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam