
തിരുവനന്തപുരം: വെയിൽസ് ഇൻ ഇന്ത്യ 2024 വർഷത്തെ പ്രവർത്തനങ്ങളുടെ സമാപന ചടങ്ങുകളുടെ ഭാഗമായി ഇന്ത്യ സന്ദര്‍ശനം നടത്തുന്ന യുണൈറ്റഡ് കിംങ്ഡമിലെ വെയില്‍സ് ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് ഇന്ന് കേരളത്തിലെത്തി. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവരുമായും ജെറമി മൈൽസിന്റെ നേതൃത്വത്തിലുളള വെയില്‍സ് പ്രതിനിധിസംഘംവുമായും കൂടിക്കാഴ്ച നടത്തും.
തിരുവനന്തപുരം മെഡിക്കല്‍, നഴ്സിംങ് കോളേജുകള്‍ സന്ദര്‍ശിക്കുന്ന വെയില്‍സ് സംഘം വിദ്യാര്‍ത്ഥികളുമായും സംവദിക്കും. നോര്‍ക്ക റൂട്ട്സ് വഴി വെയില്‍സിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. തൈക്കാട് നോര്‍ക്ക സെന്‍റര്‍ സന്ദര്‍ശിക്കുന്ന ജെറമി മൈൽസ് നോര്‍ക്ക വെയില്‍സ് റിക്രൂട്ട്മെന്‍റ് കരാറിന്റെ വാര്‍ഷികാഘോഷത്തിലും പങ്കെടുക്കും.
കേരള സന്ദര്‍ശനത്തിനുശേഷം മുംബൈയിലേക്ക് തിരിക്കുന്ന ജെറമി മൈൽസ് വെയിൽസ് ഇൻ ഇന്ത്യ 2024 സമാപന പരിപാടികളിലും പങ്കെടുക്കും. വെയിൽസിന്റെ ദേശീയ ദിനമായ സെന്റ് ഡേവിഡ്‌സ് ദിനത്തിന്റെ (മാര്‍ച്ച് 1) ഭാഗമായി സംഘടിപ്പിക്കുന്ന വെയിൽസ് ഇൻ ഇന്ത്യ 2024 സമാപനത്തില്‍ കലാ, കായിക, വ്യാപാര, ആരോഗ്യം, നിക്ഷേപം മേഖലയിലെ പങ്കാളിത്തം മുൻനിര്‍ത്തി ഇന്ത്യയിലും വെയിൽസിലും നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഒരു വര്‍ഷത്തിനുളളില്‍ വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള നഴ്സുമാര്‍, സൈക്യാട്രി, എമര്‍ജന്‍സി, ഗ്യാസ്ട്രോഎന്‍ട്രാളജി, ഓങ്കോളജി, റേഡിയോളജി, ഹെമറ്റോളജി സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാരുമുള്‍പ്പെടെ 350 ലധികം ആരോഗ്യപ്രവര്‍ത്തകരാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലൂടെ വെയില്‍സിലെത്തിയത്. വെയില്‍സിലേയ്ക്ക് ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട്ചെയ്യുന്നതിനുള്ള കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ എലുനെഡ് മോർഗനും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും 2024 മാര്‍ച്ച് ഒന്നിനാണ് തിരുവനന്തപുരത്ത് ഒപ്പിട്ടത്.
24 ലക്ഷം ടിക്കറ്റിൽ 19 ലക്ഷത്തോളം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞു; ബമ്പർ കുതിപ്പിൽ സമ്മർ ബമ്പർ ലോട്ടറി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam