Waqf Board : 'മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല', ആഞ്ഞടിച്ച് മുഖ്യമന്ത്രി

Published : Dec 10, 2021, 12:36 PM ISTUpdated : Dec 10, 2021, 07:22 PM IST
Waqf Board : 'മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല', ആഞ്ഞടിച്ച് മുഖ്യമന്ത്രി

Synopsis

നിയമസഭയിൽ ചർച്ച നടന്നപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമം

കണ്ണൂർ: വഖഫ് ബോർഡിലെ പി എസ് സി നിയമന വിവാദത്തിൽ മുസ്ലിം ലീഗിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡിലെ പിഎസ്‌സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്. അതിന്റെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞു. നിയമസഭയിൽ ചർച്ച നടന്നു. ആ ഘട്ടത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമം. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാർ തന്നെ തീരുമാനിക്കണം. മതസംഘടനകൾക്ക് എല്ലാം മനസിലായി. ലീഗുകാർക്ക് മാത്രമാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്ലിം മതസംഘടനകളുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. മതസംഘടനകൾക്ക് പ്രശ്നങ്ങളില്ല. മുസ്ലിം ലീഗിന് മാത്രമാണ് പ്രശ്നം. കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും വരെ വഖഫ് ബോർഡിലെ പിഎസ്‌സി നിയമനം നടപ്പാക്കുന്നില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. 

തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫും ബിജെപിയും കൂട്ടുകെട്ടുണ്ടാക്കി. അത് ഇപ്പോഴും തുടരുകയാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അവർ ശ്രമിക്കുന്നു. വികസന പദ്ധതികളെയെല്ലാം എതിർക്കുന്നു. കെ റെയിലും ജലപാതയുമെല്ലാം മികച്ച പദ്ധതികളാണ്. അയ്യോ ഒന്നും ഇവിടെ നടപ്പാക്കാൻ പാടില്ലെന്ന നിപാടാണിവർക്കെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പുതിയ നിക്ഷേപങ്ങൾ നാട്ടിൽ വരാനുള്ള സൗകര്യം കേരളത്തിൽ ഉണ്ടാക്കണം. അതിന് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണം. സർക്കാർ അതിന് മികച്ച പ്രാധാന്യം നൽകുന്നുണ്ട്. പരമ ദരിദ്രരെ അതിൽ നിന്ന് മോചിപ്പിക്കണം. ദരിദ്രരെ കൃത്യമായി അടയാളപ്പെടുത്തണം. അതിനുള്ള ശ്രമങ്ങൾ സർക്കാർ തുടങ്ങി. സിവിൽ സർവീസിനെ തകർക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ അതിനെ സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

രാജ്യത്ത് മതനിരപേക്ഷതയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വർഗീയ കലാപങ്ങൾ നേരത്തെ നഗരങ്ങൾ കേന്ദീകരിച്ചായിരുന്നു നടന്നിരുന്നത്. ഇതിപ്പോൾ ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. പട്ടിക ജാതി - വർഗ വിഭാഗങ്ങൾക്കെതിരെ അക്രമങ്ങൾ കൂടുന്നു. ഉത്തർപ്രദേശിൽ ദളിതർ വ്യാപകമായി ആക്രമിക്കപ്പെടുന്നു. ക്രിസ്ത്യൻ വിഭാഗക്കാർക്കെതിരെയും ആക്രമണം ഉണ്ടാവുന്നുണ്ട്. ഈ ആക്രമണങ്ങളെയെല്ലാം സർക്കാർ ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്