
മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തെ അവഗണിച്ചെന്ന വിമർശനത്തിൽ പ്രതികരണവുമായി മന്ത്രി കെഎം ഷാജി. സർക്കാരിനെതിരെ പരസ്യ പ്രതിഷേധം വരാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് കെഎം ഷാജി പറഞ്ഞു. വഖഫ് ബോർഡ് രൂപീകരണത്തിൽ ആരോടൊക്കെയാണ് ചർച്ച ചെയ്തത് എന്ന് അറിയില്ലെന്നും കെഎം ഷാജി പറഞ്ഞു. പിണറായിക്കെതിരെയുള്ള ഇഡി അന്വേഷണം നടക്കട്ടെ. ഇടതുപക്ഷ സർക്കാർ ഒരുപാട് പീഡിപ്പിച്ചിട്ടുണ്ട്, എന്നുകരുതി അതേ പാതയിൽ തിരിച്ചടിക്കില്ലെന്നും ഷാജി പറഞ്ഞു.
പ്രാഗിലേക്ക് പോയത് അനുമതിയോടെയാണ്. മന്ത്രിയുടെ യാത്രകൾക്ക് സാങ്കേതികപരമായ കാര്യങ്ങൾ ഉണ്ടാകും. നിയമപരമായ കാര്യങ്ങൾ എന്തെങ്കിലും തെളിയിച്ചത് ഉണ്ടെങ്കിൽ ചോദിച്ചാൽ പറയാം. ആരോപണങ്ങളിൽ അടിസ്ഥാനമില്ല. തനിക്കെതിരെ കഥകൾ മെനയുകയാണ്, കഥകൾ വരട്ടെ. എസിയുള്ള വീടുകളിൽ പെൻഷൻ കൊടുക്കില്ലെന്ന തീരുമാനം ശരിയല്ല. അത് ഒഴിവാക്കാനുള്ള നടപടികൾ സർക്കാർ തുടരും. ഫിനാൻസ് വിഭാഗത്തിൽ കത്തെഴുതി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും വിഷയം ബോധ്യപ്പെടുത്തുമെന്നും കെഎം ഷാജി പറഞ്ഞു.
വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം സമസ്തയുടെ മുഖപത്രം സിറാജ്. സുന്നികളെ അങ്ങേയറ്റം അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതുമാണ് പുനഃസംഘടന ഉത്തരവെന്നാണ് സിറാജ് പത്രത്തിന്റെ എഡിറ്റോറിയലിൽ വിമർശിക്കുന്നത്. വഖഫ് ബോർഡിലും ഹജ് കമ്മിറ്റിയിലും അർഹമായ പ്രാതിനിധ്യം മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. പുതിയ ബോർഡ് പരിശോധിച്ചാൽ സർക്കാരിൻ്റെ കപട മുഖം വ്യക്തമാകും. ഒരു ശതമാനം പോലും വഖഫ് സ്വത്തുകൾ കൈകാര്യം ചെയ്യാൻ അർഹതയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദിനും അംഗത്വം നൽകി. തീവ്ര താത്പര്യക്കാരുടെ കൈകളിൽ സ്വത്തുക്കൾ ഏൽപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നും എഡിറ്റോറിയലിൽ ചോദിക്കുന്നു. നിയമപരമായ വഴിയിലൂടെയും, ജനകീയ സമരത്തിലൂടെയും അനീതിക്കെതിരെ സുന്നികൾ പോരാടും. രാഷ്ട്രീയപ്പാർട്ടിയുടെ താല്പര്യം സംരക്ഷിക്കാനുള്ളതല്ല വഖഫ് ബോർഡ് എന്നും എഡിറ്റോറിയൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam