
കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് സ്വന്തം പ്രവർത്തന തട്ടകമായ കോഴിക്കോട് ആവേശോജ്വല സ്വീകരണം. നേത്രാവതി എക്സ്പ്രസിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ വി മുരളീധരനെ ബിജെപി പ്രവർത്തകർ സ്വീകരിച്ചു.
കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായാണ് വി മുരളീധരൻ കോഴിക്കോടെത്തുന്നത്. കണ്ണൂരാണ് ജന്മനാടെങ്കിലും ദീർഘകാലമായി കോഴിക്കോടാണ് മുരളീധരന്‍റെ തട്ടകം.
കോഴിക്കോട്ടെ ആർഎസ്എസ് കാര്യാലയത്തിലേക്ക് മാറിയതോടെയാണ് മുരളി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുന്നത്. ഹാരാർപ്പണത്തോടെ റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ മുരളീധരനെ സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും ഒപ്പമുണ്ടായിരുന്നു.
തുടർന്ന് കോഴിക്കോട് പൗരാവലിയുടെ സ്വീകരണം. കക്ഷി രാഷ്ട്രീയ ഭേദമന്യേ കോഴിക്കോട്ടെ പ്രമുഖരെല്ലാം മുരളീധരന് ആശംസകൾ നേരാൻ എത്തി. മന്ത്രിയായി തെരഞ്ഞെടുത്ത ഉടൻ തന്നെ വലിയ ഉത്തരവാദിത്തങ്ങൾ വന്ന് ചേർന്നതിനാൽ കോഴിക്കോട് ഒരു ദിവസം പോലും തങ്ങാനാകാത്തതിന്‍റെ വിഷമം കേന്ദ്രമന്ത്രി മറച്ച് വച്ചില്ല. രാത്രി ആലുവയ്ക്ക് തിരിച്ച വി മുരളീധരൻ ഇന്ന് ആലുവയിൽ നിന്ന് ഡൽഹിക്ക് തിരിച്ച് പോകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam