ജനകീയ മുഖം വീണ്ടെടുക്കാൻ മാലിന്യ നിർമാർജ്ജനം; വര്‍ഗ്ഗ ബഹുജന സംഘടനകളെ അണിനിരത്താൻ സിപിഎം

Published : Jul 29, 2024, 11:54 AM IST
ജനകീയ മുഖം വീണ്ടെടുക്കാൻ മാലിന്യ നിർമാർജ്ജനം;  വര്‍ഗ്ഗ ബഹുജന സംഘടനകളെ അണിനിരത്താൻ സിപിഎം

Synopsis

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരു പോലെ ബാധിക്കുന്ന പ്രശ്നത്തിലാണ് ജനകീയ ഇടപെടലിന് കളമൊരുങ്ങുന്നത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ജനകീയ മുഖം വീണ്ടെടുക്കാൻ, മാലിന്യ നിർമാർജ്ജന പ്രവര്‍ത്തനങ്ങൾക്ക്  വര്‍ഗ്ഗ ബഹുജന സംഘടനകളെ അണിനിരത്താൻ സിപിഎം. ക്ഷേമപ്രവര്‍ത്തനങ്ങളിലെ മുൻഗണന പുതുക്കിയതിന് പിന്നാലെയാണ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരു പോലെ ബാധിക്കുന്ന പ്രശ്നത്തിൽ ജനകീയ ഇടപെടലിന് കളമൊരുങ്ങുന്നത്.  കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത സഹകരണം ഉറപ്പാക്കി സര്‍ക്കാര്‍ നടപ്പാക്കുന്ന മാലിന്യമുക്ത നവ കേരളത്തിന്  സംഘടനാ തലത്തിൽ പിന്തുണ ഉറപ്പാക്കുകയാണ് സിപിഎം.

തിരുത്തൽ പല തലങ്ങളിലാണ്. അടിസ്ഥാനം സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളാണ്. ക്ഷേമ പ്രവർത്തനങ്ങളുടെ മുൻഗണന പുതുക്കി നിശ്ചയിച്ചും താഴെ തട്ടിൽ ജനവികാരം ആളിക്കത്തിച്ച സേവന നിരക്ക് വര്‍ദ്ധന തിരുത്തിയും ഇടപെടലിന് പിന്നാലെയാണ്  സംസ്ഥാനത്തുടനീളം അനുഭവിക്കുന്ന പ്രശ്നം എന്ന നിലയിൽ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിൽ ക്രിയാത്മക ഇടപെടലുകൾക്ക് തീരുമാനം വന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടേയും കോര്‍പറേഷനുകളുടേയും വീഴ്ച സര്‍ക്കാര്‍ സംവിധാനങ്ങൾ കൊണ്ട് മാത്രം മറികടക്കാൻ കഴിയുന്നതല്ലെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. അതുകൊണ്ട് ജനകീയ ഇടപെടലുകൾക്ക് നേതൃത്വം നൽകാൻ ധാരണയായി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ച് ശുചിത്വ കേരള പ്രഖ്യാപനത്തിനുള്ള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചതും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാത്ത സഹകരണം തേടിയതും. 

സംസ്ഥാന ജില്ലാ പ്രാദേശിക തലങ്ങളിൽ  സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പ്രവര്‍ത്തനങ്ങൾക്ക് പിന്തുണയാകും സ്വാഭാവികമായി ഇനി പാർട്ടി തലത്തിൽ ഉണ്ടാകുക. പാഴ്വസ്തു ശേഖരണം മുതൽ കേന്ദ്രീകൃത വികേന്ദ്രീകൃത മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും മാലിന്യ നിർമ്മാര്‍ജ്ജന പ്രവർത്തനങ്ങളിലും വരെ ഏതുവിധത്തിൽ ഇടപെടണമെന്ന കൃത്യമായ മാര്‍ഗ്ഗരേഖ പാര്‍ട്ടി തയ്യാറാക്കും. രാഷ്ട്രീയ മത്സരത്തിനിട നൽകാത്ത വിധം പ്രവര്‍ത്തിക്കണമെന്നാണ് സർവ്വകക്ഷി യോഗത്തിലും മുഖ്യമന്ത്രിയുടെ ആഹ്വാനം . ഇതനുസരിച്ചുള്ള ജനകീയ ഇടപെടലിനാണ് വരും ദിവസങ്ങളിൽ സിപിഎം രൂപം നൽകുക.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് മിനിറ്റ് സമയം മാത്രം ! സ്കൈ ജ്വല്ലറിയിൽ നടന്നത് വൻ കവർച്ച, 10 കോടിയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്
മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ, മകരവിളക്കിന് ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ്