
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അടക്കം തലസ്ഥാന നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിൽ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാൻ വാട്ടര്‍ അതോറിറ്റി പ്രഖ്യാപിച്ച പദ്ധതിക്ക് ഒച്ചിഴയും വേഗം. സമയപരിധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടും പൊതു മരാമത്ത് വകുപ്പ് റോഡിൽ പണി നടത്താനുള്ള അനുമതി പത്രം പോലും ആയിട്ടില്ല. കുടിവെള്ള വിതരണ പ്രശ്നം പരിഹരിച്ചില്ലെന്ന് മാത്രമല്ല നഗര ഹൃദയത്തിൽ അങ്ങിങ്ങ് റോഡ് വെട്ടിപ്പൊളിച്ച ദുരിതവും മാസങ്ങളായി തുടരുകയാണ്. അഞ്ചരക്കോടിയുടെ പദ്ധതിയാണ് ഈ നിലയിൽ ജനത്തെ ബുദ്ധിമുട്ടിലാക്കിയത്.
ഒബ്സര്‍വേറ്ററി ടാങ്കിൽ നിന്ന് ഊറ്റുകുഴി വഴി സെക്രട്ടേറിയറ്റ് പരിസരം പിന്നിട്ട് ആയുര്‍വേദ കോളേജ് വരെ നീളുന്ന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനായിരുന്നു പദ്ധതി. കാലപ്പഴക്കം ചെന്ന എച്ച് ഡി പി ഇ പൈപ്പുകൾ മാറ്റി 350 എംഎം ഡിഐ പൈപ്പ് സ്ഥാപിക്കാൻ അഞ്ച് കോടി വകയിരുത്തി. 2019 സെപ്തംബറിൽ തുടങ്ങിയ പദ്ധതി കഴിഞ്ഞ ഓഗസ്റ്റിൽ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. നാളിന്ന് വരെ നടന്നത് 34 ശതമാനം പണി മാത്രമാണ്. അങ്ങിങ്ങ് കുഴിച്ചിട്ട റോഡിൽ പൊതുജനം വട്ടം ചുറ്റുന്നത് മിച്ചം.
ആകെ 3500 മീറ്ററിൽ ഇടേണ്ട പൈപ്പ് ഇതുവരെ വെറും 1099 മീറ്ററിൽ മാത്രമാണ് ഇട്ടത്. ബാക്കിയിടങ്ങളിൽ പൈപ്പിറക്കിയിട്ട് പോലുമില്ല. പണി മുഴുവൻ തീരും മുൻപേ സെക്രട്ടേറിയറ്റിനു ചുറ്റുമുള്ള റോഡ് അടക്കം ടാറിട്ടു. പൊതുമരാമത്ത് റോഡിൽ പൈപ്പിടാനുള്ള അനുമതി ഇത് വരെ വാട്ടര്‍ അതോറിറ്റി എടുത്ത് കൊടുത്തിട്ടില്ല. അനിശ്ചിതമായി വൈകുന്ന പദ്ധതി ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കുന്നു എന്ന് മാത്രമല്ല പൊതുജനങ്ങളുടെ സ്വൈര്യ സഞ്ചാരത്തിനും ഭീഷണിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam