ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

By Web TeamFirst Published Oct 13, 2020, 9:05 AM IST
Highlights

ജലനിരപ്പ് 2391 അടിയിലെത്തിയതോടെയാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2398.85 അടിയിലെത്തിയാൽ ഡാം തുറക്കും.

ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ ആദ്യ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 2391.04 അടിയിൽ എത്തിയതോടെയാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.

കേന്ദ്ര ജല കമ്മീഷന്‍റെ മാനദണ്ഡമനുസരിച്ച് 2396.85 അടിയിൽ എത്തിയാൽ ഓറഞ്ച് അലർട്ടും 2397.85 ൽ എത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം.

വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായത്.

click me!