ഇടുക്കി, പമ്പ ഡാമുകളില്‍ ഓറഞ്ച് അലർട്ട്; മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി, കക്കി അണക്കെട്ട് തുറക്കും

Published : Oct 18, 2021, 07:15 AM ISTUpdated : Oct 18, 2021, 08:31 AM IST
ഇടുക്കി, പമ്പ ഡാമുകളില്‍ ഓറഞ്ച് അലർട്ട്; മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി, കക്കി അണക്കെട്ട് തുറക്കും

Synopsis

കക്കി അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ആറന്മുള ചെങ്ങന്നൂർ കോഴഞ്ചേരി പ്രദേശത്തും കനത്ത ജാഗ്രതയാണ്. അണക്കെട്ടിലെ രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തുക.

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ (idukki dam) രാവിലെ ഏഴ് മണി മുതൽ ഓറഞ്ച് അലർട്ട് (orange alert) പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയത് കണത്തിലെടുത്താണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് അണക്കെട്ടിൽ ഉള്ളത്. കേന്ദ്ര ജല കമ്മീഷന്‍റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. അതേസമയം, മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി.

പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്ന് തന്നെയാണ്. അതേസമയം മല്ലപ്പള്ളി മേഖലയിൽ വെള്ളമിറങ്ങി തുടങ്ങി. കക്കി അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ആറന്മുള ചെങ്ങന്നൂർ കോഴഞ്ചേരി പ്രദേശത്തും കനത്ത ജാഗ്രതയാണ്. അണക്കെട്ടിലെ രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തുക. അതേസമയം, പാണ്ടനാട് ഉൾപ്പടെയുള്ള മേഖലയിൽ നിലവിൽ വെള്ളക്കെട്ട് തുടരുകയാണ്.

കോഴിക്കോട് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലയിൽ അടക്കം ജാഗ്രത തുടരുകയാണ്. കക്കയം അണക്കെട്ടിലേക്കുളള വഴിയിൽ ഫോറസ്റ്റ് ചെക് പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞതിനാൽ ഇതുവഴിയുളള വാഹന ഗതാഗതം നിരോധിച്ചു. മഴക്കെടുതിയിൽ വടകര, കൊയിലാണ്ടി താലൂക്കുകളിലായി ഒമ്പത് വീടുകളാണ് ഭാഗീകമായി നശിച്ചത്.

പാലക്കാട് മഴയുണ്ടെങ്കിലും ശക്തമല്ല. ഭാരതപ്പുഴയിൽ ജലനിരപ്പ് കൂടി. ജില്ലയിലെ എട്ടിൽ ആറ് ഡാമുകളും തുറന്നിട്ടുണ്ട്. മഴക്കെടുതി അവലോകനത്തിന് ഇന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. കൊല്ലം തെന്മല ഡാമിൽ നിന്ന് രാവിലെ 7 മണി മുതൽ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തിൽ കല്ലട ആറിന്റെ തീരപ്രദേശത്തുള്ള സ്കൂളുകളിലെ അഡ്മിഷൻ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ കൊല്ലം ജില്ലാ കളക്ടർ ഉത്തരവിട്ടു.

പാലക്കാട് ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചര്‍ച്ച ചെയ്യാൻ ഇന്ന് രാവിലെ 10.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിലെ 8 ഡാമുകളിൽ 6 എണ്ണവും തുറന്ന സാഹചര്യത്തിൽ ഭാരതപ്പുഴ അടക്കമുള്ള പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളാണ് യോഗത്തിലെ പ്രധാന ചര്‍ച്ചവിഷയം. ജില്ലയുടെ മലയോര മേഖലകളായ സൈലന്റ് വാലി, നെല്ലിയാമ്പതി, മലമ്പുഴയുടെ വൃഷ്ടി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കണമോ എന്ന കാര്യത്തിൽ യോഗം തീരുമാനം എടുക്കും. മലമ്പുഴ അണക്കെട്ട് 21 സെമീ തുറന്ന് ഡാമിന്‍റെ ജല നിരപ്പ് ക്രമീകരിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാഹനങ്ങൾ കൂട്ടിയിടിച്ചു, പിന്നാലെ യുവാവിന് റോഡില്‍ മർദനം; സിവിൽ പൊലീസ് ഓഫീസർക്കെതിരെ പരാതി
രാവിലെ എട്ടിന് മുൻപ് മാധ്യമങ്ങൾ സന്നിധാനം ഒഴിയണം, നിർദേശവുമായി സ്പെഷ്യൽ കമ്മീഷണർ; തുട‍ർ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം