
തിരുവനന്തപുരം: വാട്ടർ അതോറിറ്റി ആന്റി തെഫ്റ്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ രണ്ടുവീടുകളിൽ ജലമോഷണം കണ്ടെത്തി. പി.ടി.പി സബ് ഡിവിഷനു കീഴിലാണ് രണ്ട് വീടുകളും. കുടിവെള്ള ചാർജ് കുടിശികയായതിനെത്തുടർന്ന് കണക്ഷൻ വിച്ഛേദിച്ചിരുന്ന മലമുകൾ നെട്ടയം കലിംഗവിള സരളകുമാരി, എടഗ്രാമം അമ്പലക്കുന്ന് എസ്.എസ് ഭവനിൽ അർജുനൻ എന്നിവരുടെ വീട്ടിലാണ് ജലമോഷണം പിടിച്ചതെന്ന് വാട്ടർ അതോറിറ്റി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു.
നെട്ടയത്തെ വീട്ടിൽ നേരത്തെ14187 രൂപ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് ഫെബ്രുവരി മാസത്തിൽ കണക്ഷൻ വിച്ഛേദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോൾ മീറ്റർ പോയിന്റിന് മുന്നിലുള്ള സർവീസ് ലൈനിൽ നിന്ന് കഴിഞ്ഞ മൂന്നുമാസമായി ജലമോഷണം നടത്തിവരികയായിരുന്നു എന്ന് മനസിലായി. മീറ്റർ റീഡർ സൈറ്റിൽ പരിശോധന നടത്തിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്.
അമ്പലക്കുന്നിലെ വീട്ടിൽ വീട്ടിൽ ഏഴുമാസമായി ജലമോഷണം നടത്തുന്നുവെന്നാണ് ആന്റി തെഫ്റ്റ് സ്ക്വാഡ് കണ്ടെത്തിയത്. ഏഴു മാസത്തിലധികമായി ഇവിടെ വാട്ടർ ചാർജ് ഇനത്തിൽ 23,397 രൂപ കുടിശിക വരുത്തിയതിനാൽ കണക്ഷൻ വിച്ഛേദിച്ചിരുന്നു. ഇവിടെയും മീറ്റർ പോയിന്റിന് മുമ്പിൽ നിന്ന് അനധികൃത ലൈൻ വലിച്ചാണ് ജലമോഷണം നടത്തിയിരുന്നത്. പ്രദേശത്തെ വീടുകളിൽ ജലദൗർലഭ്യം ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ജലമോഷണം കണ്ടെത്തിയത്.
ആന്റി തെഫ്റ്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ അനധികൃത കണക്ഷൻ വിച്ഛേദിക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. ഗാർഹിക ആവശ്യങ്ങൾക്ക് അനധികൃതമായി ജലമോഷണം നടത്തുന്നത് ആറു മാസം വരെ തടവും 50,000 രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. മോഷണം കണ്ടെത്തിയതിന് പിന്നാലെ വാട്ടർ അതോറിറ്റി പിടിപി സബ് ഡിവിഷൻ ഓഫിസിൽ എത്തിയ ചിലർ അസി. എക്സിക്യുട്ടീവ് എൻജിനീയറെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതു ചൂണ്ടിക്കാട്ടി അസി. എക്സിക്യുട്ടീവ് എൻജിനീയർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam