Acid Attack : അമ്പലവയൽ ആസിഡ് ആക്രമണം, പ്രതി മരിച്ച നിലയിൽ

By Web TeamFirst Published Jan 17, 2022, 4:35 PM IST
Highlights

കണ്ണൂർ സ്വദേശി സനലിന്റെ മൃതദേഹം തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിനടുത്ത് നിന്നാണ് കണ്ടെത്തിയത്.

കൽപ്പറ്റ : വയനാട് അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡൊഴിച്ച (Acid Attack) ശേഷം ഒളിവിൽ പോയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സനലിന്റെ മൃതദേഹം തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിനടുത്ത് നിന്നാണ് കണ്ടെത്തിയത്. ആസിഡ് ആക്രമണത്തിന് ശേഷം സനൽ ബൈക്കിൽ രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കണ്ണൂരിലേക്കാണ് പ്രതി രക്ഷപ്പെട്ടതെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപക തിരച്ചിൽ നടത്തി. 

രണ്ട് ദിവസം മുമ്പ് ലോക്കോ പൈലറ്റ് നൽകിയ വിവരത്തെ തുടർന്നാണ് തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹത്തിനടുത്ത് നിന്ന് കിട്ടിയ രേഖകൾ പരിശോധിച്ചതിൽ നിന്ന് മരിച്ചത് സനൽ കുമാറാണെന്ന് പൊലീസിന് വ്യക്തമായി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോ‍ർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സനൽ. 

ഭാര്യക്കും മകൾക്കും നേരെ ആസിഡ് ഒഴിച്ച ക്രൂരത; പ്രതിക്കായി വല വിരിച്ച് പൊലീസ്

ആക്രമണത്തിന് ഇരയായ നിജിതയും 12 വയസുകാരിയായ മകൾ അളകനന്ദയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.  ഇരുവർക്കും മുഖത്താണ് സാരമായി പൊള്ളലേറ്റത്. ഭർത്താവിന്‍റെ പീഡനം മൂലം കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം മുൻപാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തിവരികയായിരുന്നു നിജിത. ഭർത്താവ് സനൽ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തിൽ തന്നെ സനൽ രക്ഷപ്പെടുകയും ചെയ്തു. നാളുകളായി നിലനിന്നിരുന്ന കുടുംബ തർക്കങ്ങളാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്. 

 

click me!