
കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ പറയുന്നു. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37,91,47432 കോടിയുടെ ആസ്തിയും രാഹുൽ ഗാന്ധിയുമായി ചേർന്ന് ദില്ലി മെഹ്റോളിയിലും കൃഷിസ്ഥലമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. എന്നാൽ കൃഷിസ്ഥലം അല്ലാത്ത ഭൂമി കൈവശം ഇല്ലെന്നും പറയുന്നു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ വീടുണ്ട്. 5.64 കോടി രൂപ വിലമതിക്കുന്ന വീടാണ് ഷിംലയിൽ ഉള്ളത്. ആകെ ഭൂമിയും വീടും അടക്കം 7 കോടി 74 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. 15,75,000 രൂപയുടെ ബാധ്യത ഉണ്ടെന്നും ഭർത്താവ് റോബർട്ട് വാദ്രക്ക് 10 കോടി രൂപ ബാധ്യതയുണ്ടെന്നും സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. പിജി ഡിപ്ലോമ ഇൻ ബുദ്ധിസ്റ്റ് സ്റ്റഡീസിലാണ് പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യതയെന്നും നാമനിർദേശ പത്രികയിൽ വ്യക്തമാക്കുന്നു.
മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു. വയനാട്ടിൽ മത്സരിക്കാനാവുന്നതിൽ സന്തോഷമെന്നും ജനം തന്നെ തെരഞ്ഞെടുത്താൽ ഭാഗ്യമായി കരുതുമെന്നും നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വയനാടിനെ കൈവിടില്ലെന്നും ഏത് സങ്കടത്തിലും സന്തോഷത്തിലും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഇത് എന്റെ പുതിയ യാത്രയാണ്. ഇതിൽ നിങ്ങൾ ഓരോരുത്തരും ഗുരുക്കൻമാരാണ്. രാഹുലിന് പോരാടാനുള്ള കരുത്ത് നൽകിയത് വയനാടാണ്. എന്‍റെ കുടുംബം വയനാടിനോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയ നിരവധി പേര്‍ കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ പങ്കെടുത്തു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam