
തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ദമയന്തിയായി വേഷമിട്ട് വയനാട് കളക്ടർ എ ഗീത. നളചരിതം ഒന്നാം ദിവസത്തിൽ ഹംസം ദമയന്തിയുടെ അടുത്ത് വന്ന് നളന്‍റെ വിശേഷങ്ങൾ പറയുന്നതായിരുന്നു രംഗം. ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന കളിയിൽ ദമയന്തിയുടെ എല്ലാ പദവും ഉൾപ്പെടുന്ന ഭാഗം കളക്ടർ കളിവിളക്കിന് മുന്നിൽ അവതരിപ്പിച്ചു. സഖിമാരെ നമുക്ക് എന്ന പദത്തോടെയാണ് തുടങ്ങിയത്. കളക്ടർ ഗീതയുടെ രണ്ടാം അരങ്ങായിരുന്നു ഗുരുവായൂരിലേത്.
വയനാട് വള്ളിയൂർകാവിൽ നടന്ന അരങ്ങേറ്റത്തിൽ ദമയന്തിയുടെ ചെറിയൊരു ഭാഗമാണ് അവതരിപ്പിച്ചത്. കോടക്കൽ സി എം ഉണ്ണികൃഷ്ണനാണ് ഗുരു. ഒരു വർഷത്തോളം അഭ്യസിച്ചു. കോട്ടക്കൽ ഷിജിത്, കോട്ടക്കൽ രമ്യ കൃഷ്ണ എന്നിവർ സഖിമാരായും രതി സുധീർ ഹംസമായും അരങ്ങിലെത്തി. കോട്ടക്കൽ സന്തോഷ്, വിനീഷ് എന്നിവർ പാടി. മനീഷ്യ (ചെണ്ട), പ്രതീഷ് (മദ്ദളം) എന്നിവർ താളമൊരുക്കി. തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ കളി കാണാൻ മുനി നിരയിലുണ്ടായിരുന്നു.
നേരത്തെ, തൃശൂർ ജില്ലാകളക്ടർ ഹരിത ആയിരക്കണക്കിന് പാപ്പാമാരുടെ ആഹ്‌ളാദനൃത്തത്തിനൊപ്പം നൃത്തച്ചുവടു വച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. കുട്ടികളോട് ചിരിച്ചുല്ലസിച്ച് മനോഹരമായാണ് കളക്ടർ ചുവടുവച്ചത്. പാപ്പാവേഷധാരികളായ കുട്ടികളോടൊപ്പം ചുവന്ന തൊപ്പിയണിഞ്ഞാണ് കരോൾ ഗാനത്തിന് കളക്ടർ ചുവടുവച്ചത്.
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള തൃശ്ശൂർ അതിരൂപതയും തൃശൂർ പൗരാവലിയും ചേർന്ന് തൃശ്ശൂർ നഗരത്തിൽ ക്രിസ്തുമസിനോട് അനുബദ്ധിച്ച് ഡിസംബർ മാസത്തിൽ നടത്തിയ ക്രിസ്തുമസ് കരോളായ ബോൺ നത്താലെയിലായിരുന്നു കളക്ടറുടെ ചുവടുകള്‍. 18,112 പാപ്പമാർ അണിനിരന്ന ബോൺ നത്താലെ ഏറ്റവും കൂടുതൽ സാന്റാക്ലോസുമാർ പങ്കെടുത്ത ഘോഷയാത്രയായി ഗിന്നസ് പുസ്തകം ലോക റെക്കോഡായി അംഗീകരിച്ചിട്ടുണ്ട്. നോർത്ത് അയർലണ്ടിൽ 13,000 സാന്റാക്ലോസുകൾ അണിനിരന്ന റെക്കോഡ് മറികടന്നാണ് തൃശ്ശൂർ ഈ നേട്ടം കൈവരിച്ചത്.