ബിജെപിയുടെ പൗരത്വ ഭേദഗതി ക്യാംപയിന്‍; തന്‍റെ ചിത്രം തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ വയനാട് കളക്ടര്‍

By Web TeamFirst Published Jan 8, 2020, 3:26 PM IST
Highlights

നിയമം സംബന്ധിച്ച് തന്‍റെ അഭിപ്രായം ബിജെപി പ്രവർത്തകരെ അപ്പോൾ തന്നെ അറിയിച്ചതാണെന്നും കളക്ടർ 

വയനാട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ലഘുലേഖ ഏറ്റുവാങ്ങുന്ന തന്‍റെ ചിത്രം രാഷ്ട്രീയം കലർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ വയനാട് ജില്ലാ കളക്ടർ അദീല അബ്ദുല്ല. ഓഫീസില്‍ തന്നെ കാണാന്‍വന്ന ബിജെപി പ്രവർത്തകരില്‍നിന്നും ലഘുലേഖ ഏറ്റുവാങ്ങുകമാത്രമാണ് ചെയ്തത്, ഇതിനെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും കളക്ടർ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. കളക്ടർ ലഘുലേഖ ഏറ്റുവാങ്ങുന്ന ചിത്രം ഉപയോഗിച്ചുള്ള ചർച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്ന സാഹചര്യത്തിലാണ് വിശദീകരണം.

വയനാട് ജില്ലാ കളക്ടറുടെ വാര്‍ത്താകുറിപ്പ്

ഇന്ന് (ജനുവരി 8, 2019) കാലത്ത് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ  വയനാട് കളക്ടറുടെ ക്യാമ്പ് ഓഫീസ് സന്ദർശിക്കുകയും പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് കൈമാറുകയും ചെയ്തിരുന്നു. അതിന്‍റെ ഫോട്ടോ ഇപ്പോൾ ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഒരു പൊളിറ്റിക്കൽ ക്യാമ്പെയ്‍നിനായി പലരും ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജില്ലയുടെ ഭരണാധികാരി എന്ന നിലയിൽ തന്‍റെ ഓഫീസിൽ വരുന്നവരെ കാണുക എന്നതും അവർക്ക് പറയാനുള്ളത് കേൾക്കുകയും അപേക്ഷകളോ എഴുത്തോ ആയി നൽകുന്നത് വാങ്ങി വെക്കുകയെന്നതും എന്‍റെ ചുമതലയുടെ ഭാഗം മാത്രമാണ്. ഇതിനെ മറ്റു രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്ന് ഇതിനാൽ ആവശ്യപ്പെടുന്നു.
 

click me!