
ചൂരൽമല: ഇനി മുണ്ടക്കൈ, ചൂരലമൽ ഭാഗങ്ങളിൽ അവശിഷ്ടങ്ങൾക്ക് അടിയിൽ ആരും ജീവനോടെയില്ലെന്ന നിഗമനത്തിലാണ് തെരച്ചിൽ തുടരുന്നത്. ഇനി ആരെയും ജീവനോടെ കണ്ടെത്താനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇന്ന് 40 ടീമുകൾ ആറ് ആയി തിരിഞ്ഞ് ആറ് മേഖലകളിൽ തെരച്ചിൽ നടത്തും.
അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തെ സോണും ആണ്. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡിഎസ്‌ജി, കോസ്റ്റ് ഗാർഡ്, നേവി, തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതുകൂടാതെ, ചാലിയാർ പുഴയുടെ നാല്പത് കിലോമീറ്ററിൽ പരിധിയിലെ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും തെരച്ചിൽ തുടരും. മുണ്ടക്കൈ ദുരന്തത്തിൽ ഇതുവരെ 291 പേരുടെ മരണമാണ് സ്ഥീരികരിച്ചത്. 29 കുട്ടികള്‍ ഉള്‍പ്പടെ 240 പേരെ ഇനി കിട്ടാനുണ്ട്.
ചാലിയാര്‍ പുഴ ഒഴുകുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പരിധികളിൽ പൊലീസും നീന്തൽ വിദഗ്ധമായ നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തും. ഇപ്പോൾ നാട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും കൂടാതെ 1809 പേരാണ് തെരച്ചിലിൽ ഉള്ളത്. 90 എൻഡിആർഎഫ് അംഗങ്ങൾ, കരസേനയുടെ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിലെ 120 അംഗങ്ങൾ, പ്രതിരോധ സുരക്ഷാ സേനകളിലെ 180 പേർ, നാവികസേനയിലെ 68 അംഗങ്ങൾ, അഗ്നിരക്ഷാ സേനയിലെ 360 പേർ, കേരള പൊലീസിലെ 866 അംഗങ്ങൾ , ടെറിട്ടോറിയൽ ആർമിയിലെ 40 അംഗങ്ങൾ എന്നിവർ ദൗത്യ സംഘത്തിൽ ഉൾപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam