
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന് ഇരയായ മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം സാധ്യമാക്കുന്നതിനുള്ള സത്വര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രിസഭാ ഉപസമിതി. ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങളും പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് പഴുതടച്ച സംവിധാനമാണ് നടപ്പിലാക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുന്നതിന് കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എപിജെ ഹാളില്‍ ചേര്‍ന്ന ത്രിതലപഞ്ചായത്ത് അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവര്‍ ഉള്‍പ്പെടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സഹായം ലഭ്യമാക്കും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ദുരിതാശ്വാസ ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പില്ല. ക്യാംപുകളില്‍ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പുനരധിവാസ പാക്കേജ് തയ്യാറാക്കുകയെന്നും മന്ത്രി അറിയിച്ചു.
ക്യാമ്പുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ താമസിക്കുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതിന് ത്രിതല പഞ്ചായത്ത് പരിധിയിലുള്ള ഒഴിഞ്ഞ വീടുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ഫ്ളാറ്റുകള്‍, ഹോസ്റ്റലുകള്‍ എന്നിവ കണ്ടെത്തി എത്രയും വേഗം അറിയിക്കാന്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും മന്ത്രിസഭാ സമിതി നിര്‍ദ്ദേശം നല്‍കി. ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ എത്രയും വേഗം തുടങ്ങുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്. താല്‍ക്കാലിക പുനരധിവാസത്തിനായി സര്‍ക്കാറിന് കീഴിലെ ഹോട്ടലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍ തുടങ്ങിയവയും ഉപയോഗപ്പെടുത്തും.
വാടകയില്ലാതെ വീടുകളും ക്വാര്‍ട്ടേഴ്‌സുകളും മറ്റും പൂര്‍ണമായോ ഭാഗികമായോ വിട്ടുനല്‍കാമെന്ന വാഗ്ദാനവുമായി പലരും മുന്നോട്ടുവന്നിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ ഫ്‌ളാറ്റ് സമുച്ഛയങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിശ്ചിത വാടക നിശ്ചയിച്ച് കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ചാലിയാര്‍ പുഴ കേന്ദ്രീകരിച്ച് പോലീസും നാട്ടുക്കാരും സംയുക്തമായി നടത്തുന്ന തെരച്ചില്‍ തുടരുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ദുരിതബാധിതര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ താമസം ഒരുക്കുന്നതിനും ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ പഠനം പുനരാരംഭിക്കാനുമാണ് ആളുകളെ താത്ക്കാലികമായി പുനരധിവസിപ്പിക്കാനുള്ള അടിയന്തര പദ്ധതി നടപ്പിലാക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ കക്ഷി-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും പുനരധിവാസ കാര്യത്തിലും അത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
താത്ക്കാലിക പുനരധിവാസം: ആദ്യ പരിഗണന സമീപ പഞ്ചായത്തുകള്‍ക്ക്
ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിന് സമീപ പഞ്ചായത്തുകള്‍ക്കാണ് ആദ്യ പരിഗണന നല്‍കുകയെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധികളില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍, സര്‍ക്കാര്‍ ക്വാട്ടേഴ്സുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, ഹോസ്റ്റലുകള്‍ കണ്ടെത്തി ആളുകളെ താത്ക്കാലികമായി പുനരധിവസിപ്പിക്കാന്‍ സംവിധാനമുണ്ടാക്കും. മറ്റ് ത്രിതല പഞ്ചായത്തുകളിലും ഇത്തരത്തില്‍ വിവരശേഖരണം നടത്തി കരുതല്‍ സ്ഥലം കണ്ടെത്തും. ക്യാമ്പുകളില്‍ താമസിക്കുന്നവരെ ഘട്ടംഘട്ടമായി സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രിമാര്‍ അറിയിച്ചു.
സൗജന്യമായി വീട് വിട്ടു തരാന്‍ സന്നദ്ധരായ സ്വകാര്യ വ്യക്തികള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന അധികൃതരെ വിവരം അറിയിക്കണം. കല്‍പ്പറ്റ, ബത്തേരി നഗരസഭകള്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അമ്പലവയല്‍, വൈത്തിരി, മുട്ടില്‍, പടിഞ്ഞാറത്തറ, മൂപ്പൈനാട്, കോട്ടത്തറ, പനമരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഒഴിഞ്ഞ് കിടക്കുന്നതും ഉപയോഗ പ്രദമായതുമായ സര്‍ക്കാര്‍ ക്വാർ ട്ടേഴ്സുകളുടെയും ഹോസ്റ്റലുകളുടെയും ലഭ്യത സംബന്ധിച്ച് അധ്യക്ഷന്മാര്‍ യോഗത്തില്‍ അറിയിച്ചു.
കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ രാജന്‍, എ.കെ ശശീന്ദ്രന്‍, പി.എ മുഹമ്മദ് റിയാസ്, ഒ.ആര്‍ കേളു, ടി. സിദ്ദീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, സ്പെഷ്യല്‍ ഓഫീസര്‍മാരായ സീറാം സാംബശിവ റാവു, എ. കൗശികന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ നാരായണന്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam