'ആഴത്തിൽ വേദനിപ്പിക്കുന്നു', പ്രതിസന്ധികളെ കരുത്തോടെ നേരിട്ടിട്ടുള്ള വയനാടിനൊപ്പം ഉറച്ചുനിൽക്കും; മേപ്പാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ രാഹുൽ ഗാന്ധി

Published : Jul 07, 2026, 07:27 PM IST
Rahul Gandhi

Synopsis

വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എംപി പ്രിയങ്ക ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഇരുവരും ഉറപ്പുനൽകി

ദില്ലി: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ചുള്ള വാർത്തകൾ തന്നെ ആഴത്തിൽ വേദനിപ്പിക്കുന്നതാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം പിയുമായ രാഹുൽ ഗാന്ധി. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും തൻ്റെ ചിന്തകളും പ്രാർത്ഥനകളും ദുരന്തബാധിതരായ എല്ലാവർക്കുമൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്രയും വേഗം എത്തിച്ചേരാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രയാസകരമായ സമയത്ത് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. മുൻപും പ്രതിസന്ധികളെ കരുത്തോടെ നേരിട്ട ചരിത്രമാണ് വയനാടിനുള്ളതെന്നും ഈ വൻ ദുരന്തത്തിലും ഓരോ കുടുംബത്തിനും ഒപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക

വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ വേദന പങ്കുവച്ച് വയനാട് എം പി പ്രിയങ്ക ഗാന്ധിയും നേരത്തെ രംഗത്തെത്തിയിരിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസും എൻ ഡി ആർ എഫും എസ് ഡി ആർ എഫ് ടീമുകളും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സ്ഥലത്ത് സജീവമായി രംഗത്തുണ്ടെന്നും അവർ അറിയിച്ചു. ബന്ധപ്പെട്ടവരുമായെല്ലാം സംസാരിച്ചെന്നും അവർ വ്യക്തമാക്കി. ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് അഗാധമായ ദുഃഖം അറിയിക്കുന്നതായും പ്രിയങ്ക കൂട്ടിച്ചേർത്തു. ദുരന്തബാധിതർക്കൊപ്പം ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജില്ലാ ഭരണകൂടം, തിരുവനന്തപുരത്തുനിന്ന് സ്ഥലത്തേക്ക് പുറപ്പെട്ട മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽ കുമാർ, പ്രാദേശിക പാർട്ടി പ്രവർത്തകർ, ബന്ധപ്പെട്ട മറ്റ് ഏജൻസികൾ എന്നിവരുമായി ചേർന്ന് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു വരികയാണെന്നും അവർ വിശദീകരിച്ചു. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ഭരണകൂടത്തിന്റെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ യു ഡി എഫ് പ്രവർത്തകരോടും പൊതുജനങ്ങളോടും വയനാട് എം പി അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാത്ത രീതിയിൽ വേണം സഹായങ്ങൾ എത്തിക്കാൻ. ഈ ഭയാനകമായ സാഹചര്യത്തിൽ എല്ലാവരും ഒന്നിച്ച് നിന്ന് ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു, റെഡ് അലർട്ട് 2 ജില്ലകൾ, 2 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മേപ്പാടി ദുരന്തം അത്യന്തം ഞെട്ടിക്കുന്നതും ദാരുണവും, രക്ഷാപ്രവർത്തനങ്ങളിൽ സിപിഎം പ്രവർത്തകർ പങ്കാളികളാകുമെന്നും എം വി ഗോവിന്ദൻ