
കല്‍പ്പറ്റ: സർക്കാർ കേരളശ്രീ പുരസ്കാരം പ്രഖ്യാപിച്ച ഷൈജയും വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന്‍റെ പട്ടികയില്‍ നിന്ന് പുറത്ത്. ലൈഫ് മിഷനിലൂടെ കിട്ടിയ വീടിന്‍റെ നിര്‍മാണം പൂർത്തിയാകാത്തതിനാൽ ആരും താമസിക്കുന്നില്ലെന്ന് സാങ്കേതികത്വം പറഞ്ഞാണ് ഷൈജയെ ഒഴിവാക്കിയത്. മൃതദേഹങ്ങളെ തിരിച്ചറിയുന്നതിനടക്കം ദുരന്തമേഖലയില്‍ പ്രയത്നിച്ചിട്ടും അവഗണിക്കപ്പെട്ടത്തിന്‍റെ വേദനയിലാണ് ഷൈജ. ഒമ്പത് കുടുംബാഗങ്ങളെ ദുരന്തത്തില്‍ നഷ്ടമായതിന്‍റെ വേദന കടിച്ച് അമർത്തിയാണ് ഷൈജ മോർച്ചറിയില്‍ സേവനം ചെയ്തത്.
മൃതദേഹങ്ങള്‍ തിരിച്ചറിയേണ്ട ഒരു നാട്ടിലെ വലിയൊരു വിഭാഗം ജനങ്ങളും ദുരന്തത്തില്‍ പെട്ടപ്പോള്‍ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും അവിടുത്തെ മെമ്പറുമായിരുന്ന ഷൈജ ദിവസങ്ങളോളം മോർച്ചറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. സമാനതകളിലാത്ത് സേവനത്തിന് സർക്കാർ കേരളശ്രീ പുരസ്കാരവും നല്‍കി. എന്നാല്‍, പുനരധിവാസത്തിന് വീടുകള്‍ നല്‍കേണ്ടവരുടെ പ്രാഥമിക പട്ടിക വന്നപ്പോള്‍ അതില്‍ നിന്ന് ഷൈജയെ ഒഴിവാക്കി.
താമസമില്ലാത്ത വീടെന്ന കാരണം ഉന്നയിച്ചാണ് ഷൈജയെ കരട് പട്ടികയില്‍ ഉള്‍പ്പെടുത്താതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഷൈജ ആക്ഷേപം ഉന്നയിച്ചതിനാല്‍ അത് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അധികൃതർ പറഞ്ഞു. എന്നാല്‍, അന്തിമപട്ടികയിലും ഉള്‍പ്പെടുത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഷൈജയുടെ തീരുമാനം. നേരത്തെ പുഞ്ചിരിമട്ടത്തെ ആറു കുടുംബങ്ങളും മൂന്ന് പ്രാഥമിക പട്ടികയിലും ഉള്‍പ്പെടാതിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ദുരന്തത്തിന്‍റെ പ്രഭവകേന്ദ്രത്തില്‍ പോലും അൻപത് മീറ്റർ ദൂരപരിധിക്ക് പുറത്തെന്ന സാങ്കേതികത്വം ഉന്നയിച്ചായിരുന്നു കുടുംബങ്ങളെ ഒഴിവാക്കിയത്. എന്നാല്‍, ടൗണ്‍ഷിപ്പിലെ വീടുകളുടെ എണ്ണം കുറക്കാനുള്ള മനപൂർവമായ ശ്രമം അധികൃതർ നടക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമായി നില്‍നിലക്കുന്നുണ്ട്.
ഷൈജയുടെ പരാതിയിൽ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് റവന്യു മന്ത്രി
കേരളശ്രീ അവാർഡ് ജേതാവ് ഷൈജ പുനരധിവാസ പട്ടികയിൽ നിന്ന് ഒഴിവാക്കി എന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഷൈജ നൽകിയത് വലിയ സംഭാവനകളാണെന്നും ലിസ്റ്റുകൾക്ക് മേലുള്ള പരാതി നൽകാൻ സമയം അവസാനിച്ചിട്ടില്ലെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഷൈജയുടെ പരാതി ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ലിസ്റ്റിൽ സർക്കാർ ഇടപെട്ടിട്ടില്ല. ഡിഡിഎംഎ നടപടിയെടുക്കുമെന്നാണ് വിശ്വസിക്കുന്നത്. ദുരന്തബാധിതർ പുനരധിവാസത്തിൽ പേടിക്കേണ്ട കാര്യമില്ല. ഫീൽഡ് തല പരിശോധനകളിൽ പരാതി ഉണ്ടെങ്കിൽ തരാം.
അനാവശ്യമായി രാഷ്ട്രീയം കാണേണ്ടതില്ലെന്നും ആശങ്ക വേണ്ടെന്നും പൂർണമായും വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റിലേയ്ക്ക് മാത്രമേ കടന്നിട്ടുള്ളുവെന്നും മന്ത്രി കെ രാജൻ പറഞ്ഞു. സർക്കാരിന്‍റെ മാനദണ്ഡങ്ങളിൽ ആർക്കും തർക്കമില്ല. മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല എന്നതിലാണ് പരാതി. അർഹതയുണ്ടായിട്ടും മൂന്ന് ലിസ്റ്റിലും ഉൾപ്പെടാതെ ആരും പോകില്ല. ഈ മാസം ടൗൺഷിപ്പ് പ്രവർത്തനം ആരംഭിക്കും. നിയമസഭ കഴിഞ്ഞാൽ ഉടൻ അതിലേക്ക് കടക്കും. സുതാര്യമായിരിക്കും. പുനരധിവാസത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്നും കെ രാജൻ പറഞ്ഞു.