വയനാട് മെഡിക്കല്‍ കോളേജ് യാഥാർത്ഥ്യത്തിലേക്ക്; വിവാദവും കൊഴുക്കുന്നു

Published : Sep 01, 2019, 10:04 AM ISTUpdated : Sep 01, 2019, 10:21 AM IST
വയനാട് മെഡിക്കല്‍ കോളേജ് യാഥാർത്ഥ്യത്തിലേക്ക്; വിവാദവും കൊഴുക്കുന്നു

Synopsis

ആദ്യം കണ്ടെത്തിയ ഭൂമിയിലെ നൂറുകണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റിയത് മറ്റൊരു ദുരന്തത്തിന് കാരണമാകുമെന്നുമാണ് ആരോപണം.

വയനാട്: വയനാട് മെഡിക്കല്‍ കോളേജിനായി സര്‍ക്കാര്‍ പുതിയഭൂമി കണ്ടെത്തിയതോടെ ആദ്യം തെരഞ്ഞെടുത്ത ഭൂമിയിലുണ്ടാക്കിയ പരിസ്ഥിതിനാശം തർക്കവിഷയമാകുന്നു. പരിസ്ഥിതിലോലപ്രദേശമെന്ന് പറഞ്ഞ് വേണ്ടെന്നുവെച്ച മടക്കിമലയിലെ ഭൂമിയില്‍നിന്ന് സർക്കാരിന് കൈമാറുന്നതിന് മുന്‍പ് കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ മുറിച്ചുമാറ്റിയെന്നും ഇത് മറ്റൊരു ദുരന്തത്തിന് കാരണമാകുമെന്നുമാണ് ആരോപണം.

വയനാട് മെഡിക്കല്‍ കോളേജിനായി ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റാണ് 2015ല്‍ മടക്കിമലയിലെ 50 ഏക്കർ എസ്റ്റേറ്റ് ഭൂമി സർക്കാരിന് സൗജന്യമായി നല്‍കിയത്. ഈ ഭൂമിയിലേക്ക് വലിയ തോതില്‍ കുന്നിടിച്ച് റോഡ് നിർമിക്കാനായി കോടികളാണ് സർക്കാർ ഇതിനോടകം ചിലവിട്ടത്. ഭൂമി കൈമാറും മുമ്പ് സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരം ഇവിടുത്തെ മരങ്ങള്‍ ഉടമയ്ക്ക് മുറിക്കാമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതുപ്രകാരം നൂറ് കണക്കിന് മരങ്ങളാണിവിടെനിന്ന് മുറിച്ചുമാറ്റിയത്. മരങ്ങള്‍ മുറിച്ച് മാറ്റിയതോടെ ചെങ്കുത്തായ പ്രദേശം മണ്ണിടിച്ചിലടക്കമുള്ള ഭീഷണികളും നേരിടുന്നു.

പുതുതായി കണ്ടെത്തിയ സ്ഥലത്ത് തന്നെയാകും സർക്കാർ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കുക. മടക്കിമലയില്‍ ഇപ്പോഴുണ്ടായ പരിസ്ഥിതി നാശവും സാമ്പത്തികനഷ്ടവും എങ്ങിനെ പരിഹരിക്കുമെന്ന് സര്‍ക്കാരിനും വ്യക്തമല്ല. ആരോഗ്യവകുപ്പിന് നേരത്തെ കൈമാറിയ ഈ ഭൂമി ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് സ്ഥലം എംഎല്‍എ അറിയിച്ചു.  

അതേസമയം, മടക്കിമലയില്‍ കൈമാറിയ ഭൂമി സർക്കാർ മെഡിക്കല്‍ കോളേജിനായല്ലാതെ ഉപയോഗിക്കുകയാണെങ്കില്‍ നിയമനടപടിയിലൂടെ തിരികെ വാങ്ങാനാണ് സ്ഥലമുടമയുടെ തീരുമാനം. കഴിഞ്ഞ രണ്ട് പ്രളയകാലത്തും വലിയ നാശനഷ്ടങ്ങളുണ്ടായ പ്രദേശമാണ് വൈത്തിരി താലൂക്ക്. ഇവിടെയാണ് മെഡിക്കല്‍ കോളജിനായി പുതുതായി കണ്ടെത്തിയ ചേലോട് എസ്റ്റേറ്റ്  ഭൂമി എന്നതും സര്‍ക്കാരിന് തലവേദനയാണ്.  

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം