കണ്ണീരോർമ്മകൾക്കിടയിലും ചൂരൽമല പോളിംഗ് ബൂത്തിൽ; ദുരന്തബാധിതർക്കായി കെഎസ്ആർടിസി ബസുകൾ; അതിജീവനത്തിന്റെ വോട്ടെടുപ്പ്

Published : Apr 09, 2026, 04:03 PM IST
Wayanad

Synopsis

മഹാദുരന്തം കവർന്നെടുത്ത ചൂരൽമലയുടെ മണ്ണിൽ വീണ്ടും വോട്ടെടുപ്പ് നടക്കുമ്പോൾ അത് കേവലം ഒരു തെരഞ്ഞെടുപ്പ് മാത്രമല്ല, അതിജീവനത്തിന്റെ വലിയൊരു പ്രഖ്യാപനം കൂടിയാണ്.

മഹാദുരന്തം കവർന്നെടുത്ത ചൂരൽമലയുടെ മണ്ണിൽ വീണ്ടും വോട്ടെടുപ്പ് നടക്കുമ്പോൾ അത് കേവലം ഒരു തെരഞ്ഞെടുപ്പ് മാത്രമല്ല, അതിജീവനത്തിന്റെ വലിയൊരു പ്രഖ്യാപനം കൂടിയാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട മുണ്ടക്കൈ, ചൂരൽമല നിവാസികൾ ഇരട്ടി സന്തോഷത്തോടെയും ഒപ്പം വിങ്ങുന്ന ഓർമ്മകളോടെയുമാണ് ഇത്തവണ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ദുരന്തബാധിതരുടെ പുനരധിവാസം മുഖ്യ ചർച്ചാവിഷയമായ കൽപ്പറ്റ മണ്ഡലത്തിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.

ദുരന്തത്തിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വാടകവീടുകളിലും മറ്റും താമസിക്കുന്ന ദുരന്തബാധിതർക്ക് പോളിംഗ് ബൂത്തുകളിലെത്താൻ വിപുലമായ യാത്രാസൗകര്യമാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ദുരന്തബാധിതരെ താമസിപ്പിച്ചിട്ടുള്ള വിവിധ സ്ഥാലങ്ങളിൽ നിന്ന് പോളിംഗ് ബൂത്തുകളിലേക്ക് പ്രത്യേക കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. വോട്ടർമാരെ സുരക്ഷിതമായി ബൂത്തുകളിലെത്തിക്കാനും തിരികെ എത്തിക്കാനും കൃത്യമായ സമയക്രമം പാലിച്ചാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

മാറിപ്പോയ ബൂത്തുകൾ; വൈകാരികമായ ഒത്തുചേരൽ

നേരത്തെ വോട്ടെടുപ്പ് നടന്നിരുന്ന ചൂരൽമല വെള്ളാർമല സ്കൂൾ ദുരന്തത്തിൽ തകർന്നതോടെ, ഇത്തവണ ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരിഷ് ഹാളിലാണ് ബൂത്തുകൾ ഒരുക്കിയിരിക്കുന്നത്. മുണ്ടക്കൈ ഭാഗത്തുള്ള വോട്ടർമാർക്കായി മേപ്പാടിയിലാണ് പോളിംഗ് സൗകര്യം. പലയിടങ്ങളിലായി ചിതറിപ്പോയവർ മാസങ്ങൾക്ക് ശേഷം പരസ്പരം കാണുന്ന വൈകാരികമായ നിമിഷങ്ങൾക്കും പോളിംഗ് ബൂത്തുകൾ സാക്ഷ്യം വഹിച്ചു. 'പണ്ട് വോട്ട് ചെയ്യാൻ വരിനിൽക്കുമ്പോൾ കൂടെയുണ്ടായിരുന്ന പലരും ഇന്ന് കൂടെയില്ല' എന്ന മുൻ മെമ്പർ സുകുമാരന്റെ വാക്കുകൾ ബൂത്തിലെത്തിയവരുടെ കണ്ണുകളെ ഈറനണിയിച്ചു.

രാഷ്ട്രീയ പോരാട്ടം കടുക്കുന്നു

കൽപ്പറ്റ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖും എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറും എൻഡിഎ സ്ഥാനാർത്ഥി കെ. വി. പ്രശാന്ത് തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ദുരന്തബാധിതരുടെ പുനരധിവാസവും സഹായധന വിതരണത്തിലെ വിവാദങ്ങളും ഇടതുമുന്നണി സജീവ ചർച്ചയാക്കിയിരുന്നു. പ്രചാരണ ഗാനങ്ങളിൽ പോലും ദുരന്തത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു മുന്നണികൾ വോട്ട് തേടിയത്.

സിറ്റിംഗ് എംഎൽഎ ടി. സിദ്ദിഖിന് കഴിഞ്ഞ തവണ അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ചൂരൽമല ഉൾപ്പെടുന്ന ഈ മേഖലയിലെ വോട്ടുകൾ കൽപ്പറ്റയിലെ അന്തിമ വിധിയെ സ്വാധീനിക്കുന്നതിൽ നിർണ്ണായകമാകും. മോക്ക് പോളിംഗിന് ശേഷം രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ അതീവ ജാഗ്രതയോടെയും ആവേശത്തോടെയുമാണ് ജനങ്ങൾ പങ്കുചേരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോളിങ് ബൂത്തിലെത്തിയ പൊലീസ് വാഹനത്തിൽ പാമ്പ്, സംഭവം കായംകുളത്ത്
കന്നിവോട്ടർമാർക്ക് ഹൽവ; എല്ലാ ബൂത്തുകളും സ്ത്രീ സൗഹാർദം, വോട്ടെടുപ്പ് ആഘോഷമാക്കി വോട്ടർമാർ