
തിരുവനന്തപുരം: വയനാട് ടൗൺഷിപ്പിലെ രണ്ടു വീടുകളിൽ വെള്ളം കിനിയുന്നത് കണ്ടെത്തിയെന്നും അതു മാർക്ക് ചെയ്തതാണെന്ന് ഉറപ്പിക്കാനാണ് കയറി നോക്കിയതെന്നും മന്ത്രി കെ രാജൻ. കൂലിപ്പണിക്കാരൻ എന്ന വിളി അഭിമാനത്തോടെ കാണുന്നുവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിള്ളൽ വിവാദത്തിൽ വിമർശനം ശക്തമാക്കുന്നതിനിടെയാണ് വിശദീകരണവുമായി സർക്കാർ വീണ്ടും രംഗത്ത് എത്തുന്നത്.
സർക്കാർ കൈമാറിയ ടൗൺഷിപ്പിലെ മൂന്നു വീടുകളിലെ വിള്ളലും ചോർച്ചയും ആണ് വിവാദത്തിന് വഴി വച്ചത്. വെള്ളം ചോർന്ന ഭാഗത്ത് ഊരാളുങ്കൽ അടയാളപ്പെടുത്തിയ വര മാത്രം മായിച്ച് വിള്ളൽ ഇല്ലെന്ന് മന്ത്രി സ്ഥാപിക്കാൻ ശ്രമിച്ചതായിരുന്നു വിവാദത്തിന് കാരണമായത്. വിവാദങ്ങൾക്കിടെ സംഭവങ്ങളിൽ മന്ത്രി വീണ്ടും വിശദീകരണം നൽകി. വിള്ളൽ ഉള്ള ഭാഗം മായിക്കാൻ ശ്രമിച്ചതിൽ വിമർശനങ്ങൾക്കൊപ്പം സാമൂഹിക മാധ്യമങ്ങളിൽ മന്ത്രിക്കെതിരെ അധിക്ഷേപവും ഉണ്ടായിരുന്നു. കൂലിപ്പണിക്കാരൻ എന്ന വിളി അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
ദുരന്തബാധിനായ നൗഫലിനെതിരെ സൈബർ ആക്രമണം നടത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. മെയ് ആദ്യവാരം 178 വീടുകളിൽ ഉള്ളവർക്കും താമസിക്കാൻ ആകുമെന്നാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ഇതിനായി ഏപ്രിൽ 30ന് മൂന്ന് ഘട്ട പരിശോധനയും പൂർത്തിയാക്കാൻ ആണ് ശ്രമം. വിള്ളൽ വിവാദത്തിൽ വിമർശനമുന്നയിച്ച കോൺഗ്രസിനെയും വാർത്താസമ്മേളനത്തിൽ രാജൻ പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam