
തിരുവനന്തപുരം: സംസ്ഥാന ജെഡിഎസ് നേതാക്കളെ വെട്ടിലാക്കി സി കെ നാണു. ദേവഗൗഡയെ പുറത്താക്കിയെന്നും താനാണ് പുതിയ അധ്യക്ഷനെന്നും കാട്ടി സി കെ നാണു ഇടത് മുന്നണിക്ക് കത്ത് നൽകി. എന്‍ഡിഎ വിരുദ്ധ ജെഡിഎസ് തങ്ങളാണെന്നും അല്ലാത്തവർക്ക് എല്‍ഡിഎഫിൽ സ്ഥാനം ഇല്ലെന്നും നാണുവിന്‍റെ കത്തില്‍ പറയുന്നു. എല്‍ഡിഎഫ് കൺവീനർക്കാണ് സി കെ നാണു കത്ത് നൽകിയത്.
ജനതാദള്‍ സംസ്ഥാന ഘടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി കനക്കുകയാണ്. യഥാര്‍ത്ഥ ജെഡിഎസ് തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ഇടത് മുന്നണിക്ക് കത്ത് നൽകിയിരിക്കുകയാണ് സി കെ നാണു. എച്ച് ഡി ദേവഗൗഡയെ ജെഡിഎസിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി കെ നാണു വിഭാഗത്തിന്റെ പുതിയ നീക്കം. കര്‍ണാടകയിലെ ജെ ഡി എസ് മുന്‍ അധ്യക്ഷന്‍ സി എം ഇബ്രാഹിമുമായി ചേര്‍ന്നാണ് സി കെ നാണുവിന്‍റെ കരുനീക്കങ്ങള്‍. രാഷ്ട്രീയമായി മാത്രമല്ല, നിയമപരമായും യഥാര്‍ത്ഥ ജെ ഡി എസ് തങ്ങളാണെന്ന് അവകാശപ്പെടാനാണ് നീക്കം. എന്നാല്‍ മാത്യു ടി തോമസ് നേതൃത്വം നല്‍കുന്ന സംസ്ഥാന ഘടകം സി കെ നാണുവിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യഥാര്‍ത്ഥ പാര്‍ട്ടി തങ്ങളാണെന്ന് അവകാശപ്പെട്ട് സി കെ നാണു പക്ഷം എല്‍ ഡി എഫിനെ സമീപിക്കുന്നത്.
ഇതോടെ, കെ കൃഷ്ണന്‍കുട്ടിക്കും മാത്യു ടി തോമസിനും നിലപാട് പ്രഖ്യാപിക്കേണ്ടിവരും. നിലവില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം അംഗീകരിക്കുന്നില്ല എന്ന നിലപാട് മാത്രമാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. അതേസമയം സി കെ നാണുവിനൊപ്പം പോയാല്‍ കൂറുമാറ്റ നിയമം ഉള്‍പ്പെടെ പയറ്റാനുള്ള നീക്കത്തിലാണ് ദേവഗൗഡ പക്ഷം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam