
കോട്ടയം: കോട്ടയത്ത് വിവാഹ പരിപാടികൾക്ക് ഭക്ഷണം എത്തിക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കാറ്ററിംഗ് ഉടമ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ വിഷ്ണു മോഹന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കല്യാണത്തിന് ബുക്ക് ചെയ്തു ഭക്ഷണം എത്തിക്കാതെ മൂന്ന് കുടുംബങ്ങളെയാണ് പ്രതി വഞ്ചിച്ചത്. കഞ്ഞിക്കുഴിയിലെ കുടുംബം നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസിന്റെ നടപടി. പ്രതിക്കെതിരെ മുണ്ടക്കയത്തും കുന്നത്തുനാടും കേസുണ്ട്.
പണം വാങ്ങിയ കാറ്ററിങ്ങ് സർവീസുകാർ മുങ്ങിയതോടെ മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലുമായി രണ്ട് കല്ല്യാണങ്ങൾക്കാണ് കഴിഞ്ഞ ദിവസം ഭക്ഷണം മുടങ്ങിയത്. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലും നടന്ന കല്യാണങ്ങൾക്കാണ് ഭക്ഷണം മുടങ്ങിയത്. രണ്ടിടത്തും ഭക്ഷണം എത്തിക്കാമെന്ന് ഏറ്റത് കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ്ങ് സർവീസാണ്. ഓൺലൈൻ വഴിയാണ് രണ്ട് വീട്ടുകാരും ഉദയം കാറ്ററിങ്ങ് സർവീസിനെ പറ്റി അറിഞ്ഞത്. കാറ്ററിങ്ങ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുൻകൂറായി ഒരു ലക്ഷം രൂപയും നൽകി. കല്യാണ ചടങ്ങുകൾ കഴിഞ്ഞിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം എത്തിച്ചാണ് അതിഥികൾക്ക് കൊടുത്തത്.
കോട്ടയത്തും എറണാകുളത്തുമായി മൂന്ന് കേസുകളാണ് വിഷ്ണുനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ സ്വദേശികളിൽ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപയാണ് കാറ്ററിംഗ് ഉടമ വിഷ്ണു തട്ടിയത്. കഞ്ഞിക്കുഴിയിലെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസും ചോറ്റിയിലെ പരാതിയിൽ മുണ്ടക്കയം പൊലീസുമാണ് അന്വേഷിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam