വീട്ടമ്മമാർക്കായി ക്ഷേമനിധി: ലീഗ് എംഎല്‍എയുടെ ബില്ലിനെ ഒന്നിച്ചെതിര്‍ത്ത് രമയും, വീണയും

By Web TeamFirst Published Oct 9, 2021, 8:06 AM IST
Highlights

വടകര എംഎല്‍എ കെകെ രമയാണ് ബില്ലിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. സ്ത്രീകളെ അടുക്കളയില്‍ തളച്ചിടാന്‍ മാത്രമെ ബില്‍ ഉപകരിക്കൂ എന്നായിരുന്നു രമയുടെ വിമര്‍ശനം.

തിരുവനന്തപുരം; വീട്ടമ്മമാർക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ബില്ലിനെ (private bill) എതിര്‍ത്ത് നിയമസഭയിലെ വനിതാ അംഗങ്ങള്‍. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജും (Veena George) വടകര എംഎൽഎ കെ കെ രമയുമാണ് (KK Rema) ബില്ലിനെ എതിര്‍ത്തത്. വനിതകള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം (T. V. Ibrahim MLA) ആയിരുന്നു നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്.

ഹരിതയും ലിംഗനീതി രാഷ്ട്രീയവുമെല്ലാം സജീവ ചർച്ചയായിരിക്കെയാണ് ലീഗ് നേതാവ് കൂടിയായ ടിവി ഇബ്രാഹിം വീട്ടമ്മമാർക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്. തൊഴിലില്ലാത്ത വീട്ടമ്മാരുടെ സുരക്ഷക്കും ചികിത്സയ്ക്കുമൊപ്പം വരുമാനം കൂടി ഉറപ്പാക്കണമെന്നാവശ്യപ്പട്ടുളള ബില്ലിന് പക്ഷേ സഭയിലെ വനിതാ അംഗങ്ങളില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്നു മാത്രമല്ല കടുത്ത വിമര്‍ശനവും ഏല്‍ക്കേണ്ടി വന്നു. വടകര എംഎല്‍എ കെകെ രമയാണ് ബില്ലിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. സ്ത്രീകളെ അടുക്കളയില്‍ തളച്ചിടാന്‍ മാത്രമെ ബില്‍ ഉപകരിക്കൂ എന്നായിരുന്നു രമയുടെ വിമര്‍ശനം. പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ്ജും രമയുടെ നിലപാടിന് പിന്തുണ നല്‍കി. നിലവിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്ഷേമനിധി ബോര്‍ഡിന്‍റെ ആവശ്യമില്ലെന്ന് വീണ ജോര്‍ജ്ജ് പറഞ്ഞു. 

എന്നാൽ വീട്ടമ്മമാരുടെ ജോലിയൂടെ മൂല്യം തിട്ടപ്പെടുത്താനാവില്ലെന്നും അവർക്ക് പരിഗണന നൽകുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ ബില്‍ അവതരിപ്പിച്ചതെന്നും ടിവി ഇബ്രാഹിം വിശദീകരിച്ചു. ബില്ലിന്‍മേല്‍ അടുത്ത വെളളിയാഴ്ച നടക്കും. വീട്ടമ്മമാർക്ക് പെൻഷനും പരിഗണനയുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നിലനിൽക്കെ ബില്ലിന്‍മേല്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.

click me!