അധികാരത്തിൽ വന്നപ്പോൾ നിലപാടിൽ അയവ് വരുത്തുന്നത് ശരിയല്ലെന്ന് വെൽഫെയർ പാർട്ടി; 'പിഎം ശ്രീയിൽ നിന്ന് കേരളം പൂർണമായി പിൻമാറണം'

Published : Jun 18, 2026, 09:51 PM IST
welfare party

Synopsis

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പൂർണമായി പിന്മാറണമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി യുഡിഎഫ് സർക്കാരിനോട് ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ മെനഞ്ഞെടുത്തതാണ് പിഎം ശ്രീ പദ്ധതിയെന്നും ഇതിൽ നിന്ന് കേരളം പൂർണമായി പിൻമാറണമെന്നും വെൽഫെയർ പാർട്ടി. ആവശ്യമായ നടപടി ക്രമങ്ങളിലേക്ക് യുഡിഎഫ് സർക്കാർ പ്രവേശിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. മന്ത്രിസഭാ ഉപസമിതിയെ ഇതിനാണ് നിയോഗിക്കേണ്ടത്. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദുത്വ ആശയങ്ങൾ രാജ്യത്തെ വിദ്യാർഥികളിലേക്ക് കുത്തിനിറക്കാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്നതിനുള്ള പദ്ധതികളും നയങ്ങളുമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. ഇതിന് വേണ്ടിയുള്ള പൈലറ്റ് പദ്ധതിയാണ് പിഎം ശ്രീ എന്ന തിരിച്ചറിവ് നഷ്ടപ്പെടരുതെന്നും റസാഖ് പാലേരി പറഞ്ഞു.

പ്രതിപക്ഷത്തായിരിക്കുമ്പോൾ പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് സ്വീകരിച്ച രാഷ്ട്രീയ നിലപാട് ഭരണം ഉപയോഗിച്ച് നടപ്പാക്കാൻ തയ്യാറാകണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു. സർവ ശിക്ഷാ പദ്ധതിയുടെ ഫണ്ട് ലഭിക്കാൻ പിഎം ശ്രീയിൽ ഒപ്പുവെക്കണമെന്ന ന്യായമാണ് സിപിഎം പറഞ്ഞിരുന്നത്. പദ്ധതിയിൽ ഒപ്പിട്ടതിന് ശേഷം അന്ന് എൽഡിഎഫ് നിരത്തിയ ന്യായങ്ങൾ യുഡിഎഫ് അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ നിലപാടിൽ അയവ് വരുത്തുന്നത് ശരിയല്ല. കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിദ്യാഭ്യാസത്തിലേക്കുള്ള ആർഎസ്എസ് അധിനിവേശം ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല. ഫെഡറൽ ഘടനയെ അട്ടിമറിച്ച് സംസ്ഥാനങ്ങൾ നിശ്ചയിച്ച കരിക്കുലത്തിലേക്കുള്ള ആർഎസ്എസ് കടന്നു കയറ്റത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

ഹിന്ദുത്വ ആശയങ്ങൾ ഉൾക്കൊള്ളുന്ന കരിക്കുലം നടപ്പാക്കാൻ സംഘ്പരിവാറിന് അവസരം നൽകാതെ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുമെന്ന യുഡിഎഫിന്റെ വിശദീകരണം കരാർ പ്രകാരം പ്രായോഗികമായിരിക്കുകയില്ല. ഇത് സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ സംഘ്പരിവാറിനെ കൂടുതൽ അവസരം നൽകുകയാണ് ചെയ്യുക. സംഘ്പരിവാറിനെതിരെ രാഷ്ട്രീയമായും നിയമപരമായുമുള്ള പോരാട്ടത്തിന് സംസ്ഥാന സർക്കാർ നേതൃത്വം നൽകണം. ഫണ്ട് തടഞ്ഞുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഭീഷണികൾക്ക് മുമ്പിൽ മുട്ട് മടക്കാൻ നിന്നാൽ സംസ്ഥാന താത്പര്യങ്ങൾ സ്ഥിരമായി കേന്ദ്രത്തിന് മുന്നിൽ അടിയറവു വെക്കേണ്ടി വരും. സംഘ്പരിവാറിനെതിരായ പോരാട്ടത്തിന് കേരളം നൽകിയ പിന്തുണയാണ് യുഡിഎഫിനെ അധികാരത്തിലെത്തിച്ചത്. ആ ഗൗരവം ഉൾക്കൊണ്ട് നിലപാട് സ്വീകരിക്കാൻ കേരള സർക്കാരും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും തയ്യാറാകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെസിഎയിലെ ദുരനുഭവം; പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് കുരങ്ങ് പനി സ്ഥിരീകരിച്ചു