വെൽഫെയ‍ർ പാർട്ടി പിന്തുണ: യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കാന്തപുരം വിഭാഗം; വിമ‍ർശനം കടുപ്പിച്ച് എൽഡിഎഫും

Published : Jun 10, 2025, 07:36 AM IST
Nilambur Byelection

Synopsis

ജമാ അത്തെ ഇസ്ലാമിയെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഉപമിച്ച ആര്യാടൻ ഷൗക്കത്ത് പിന്തുണക്കായി ചാടി വീഴുന്നത് ശരിയല്ലെന്ന് കാന്തപുരം വിഭാഗം

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടി ആയ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെതിരെ കാന്തപുരം വിഭാഗം. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഈ പിന്തുണ ആയുധമാക്കി എൽഡിഎഫും രംഗത്ത് വന്നു. ജമാ അത്തെ ഇസ്ലാമിയെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഉപമിച്ച ആര്യാടൻ ഷൗക്കത്ത് പിന്തുണക്കായി ചാടി വീഴുന്നത് ശരിയല്ലെന്നാണ് കാന്തപുരം വിഭാഗത്തിൻ്റെ പ്രതികരണം. എതിരാളിയെ വിമ‍ർശിച്ച് രംഗത്ത് വന്ന ഇടത് സ്ഥാനാർത്ഥി എം സ്വരാജ് വെൽഫെയ‍ർ പാർട്ടി യുഡിഎഫിൻ്റെ അപ്രഖ്യാപിത ഘടകകക്ഷിയെന്നാണ് വിശേഷിപ്പിച്ചത്. ഒരുപടി കൂടി കടന്ന് യുഡിഎഫിനെ അതിരൂക്ഷമായി വിമർശിച്ച് എളമരം കരീമും രംഗത്തെത്തി.

ആര്യാടൻ ഷൗക്കത്തിനെ വെല്ലുവിളിച്ചായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി എളമരം കരീമിൻ്റെ പ്രതികരണം. ഇസ്ലാമിക തീവ്രവാദത്തിന്റെ ബൗദ്ധിക കേന്ദ്രം മൗദൂദിയാണെന്ന് പറഞ്ഞ ഷൗക്കത്ത് തെരഞ്ഞെടുപ്പ് വന്നപ്പോൾ അത് എന്തിനു മറച്ചു വയ്ക്കുന്നുവെന്ന് എളമരം കരീം ചോദിച്ചു. വർഗീയശക്തികളെ കൂട്ട് പിടിക്കുക ഒത്തുതീർപ്പ് ഉണ്ടാക്കുക എന്നതാണ് യുഡിഎഫ് രാഷ്ട്രീയം ജമാഅത്തെ ഇസ്ലാമി ഭീകരവാദത്തിന് പിന്തുണ നൽകുന്ന ആശയത്തിന്റെ വക്താക്കളാണ്. അവരെ കൂട്ടുപിടിച്ച് എന്ത് മതനിരപേക്ഷ ഭാരതത്തെക്കുറിച്ച് പറയാനാണ് കോൺഗ്രസിന് സാധിക്കുക? വർഗീയശക്തികളുമായുള്ള കൂട്ടുകെട്ട് പാപ്പരത്തമാണ്. കോൺഗ്രസിന് രാഷ്ട്രീയ വിവേകം നഷ്ടപ്പെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വീടുകയറി പ്രചാരണം നടത്താനെത്തുന്ന ആശ പ്രവർത്തകർ എസ്‌യുസിഐ പ്രവർത്തകരാണ്. അവർക്ക് നിലമ്പൂരിൽ ഒന്നും ചെയ്യാൻ കഴിയില്ല, ഒരനക്കവും ഉണ്ടാക്കാൻ പറ്റില്ല. മൂന്ന് - നാല് മാസമായി സർക്കാരിനെതിരെ നടത്തിയ പ്രചരണത്തിന് ഒരു ഫലവും ഉണ്ടാക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിൻ്റെ അപ്രഖ്യാപിത ഘടകകക്ഷിയാണ് വെൽഫെയർ പാർട്ടിയെന്ന് എം സ്വരാജ് വിമർശിച്ചു. പൊതുതാത്പര്യത്തിന് നിരക്കാത്ത നിലപാടിനെ നാട് അംഗീകരിക്കില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുന്നതിനെ എതിർത്ത കാന്തപുരം വിഭാഗം എസ്‌വൈഎസ് നിലമ്പൂർ സോൺ പ്രസിഡൻ്റ് സാഫ്‌വാൻ അസ്‌ഹരി പിന്തുണ ഗുണം ചെയ്യുമോയെന്ന് കോൺഗ്രസ് ആലോചിക്കണമെന്ന് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ ഐഎസിനോട് ഉപമിച്ച ആര്യാടൻ ഷൗക്കത്ത് പിന്തുണയ്ക്കായി ചാടി വീഴുന്നത് ശരിയല്ല. വിജയം നിർണയിക്കുന്നതിൽ എപി വിഭാഗം നിർണായക സ്വാധീനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം വെൽഫെയർ പാർട്ടിയുടെ പിന്തുണ തള്ളാതെയാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചത്. എല്ലാവരും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും അക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും പറഞ്ഞ അദ്ദേഹം ഒൻപത് വർഷത്തെ പിണറായി ഭരണത്തിനെതിരെ എല്ലാവരും പിന്തുണയ്ക്കുന്ന ഘട്ടം വരുമെന്നും പ്രതികരിച്ചു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും