
കൊല്ലം: മത്സ്യ ബന്ധനത്തിനായ് കടലിൽ പോയ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് വലയിൽ ലഭിച്ചത് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി. 'അമ്മ അപ്പാ, ഫൈബർ ബോട്ടിൽ വാടി കടപ്പുറത്ത് നിന്നും കടലിൽ പോയ കൊല്ലം ജോനകപുറം സ്വദേശി അശോക് കുമാറിന്റെയും സംഘത്തിന്റെയും വലയിലാണ് "ഒഴുകുന്ന പൊന്ന് " കയറി പറ്റിയത്. കടലിൽ നിന്നും ഏകദേശം 29 കിലോമീറ്റർ ദൂരെ നിന്നാണ് ഇത് ലഭിച്ചത്. രണ്ടു ഭാഗത്തായി കിടന്ന വസ്തു വലയിലാക്കി ഇവർ ബോട്ടിൽശേഖരിക്കുകയായിരുന്നു.
ആദ്യം ഇവ എന്താണെന്ന് മനസ്സിലാകാതിരുന്ന തൊഴിലാളികൾ കരയിലെത്തിച്ച് പരിശോധന നടത്തിയാണ് തിമിംഗല ചർദ്ദിയാണെന്ന് ഉറപ്പിച്ചത്. ഇതോടെ വനംവകുപ്പിന് കൈമാറുകയും ചെയ്തു. അഞ്ച് കിലോ 160 ഗ്രാം വസ്തുവാണ് ലഭിച്ചത്. പള്ളിത്തോട്ടം പോലീസും ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ലാബിലേക്ക് സാമ്പിളുകൾ അയക്കും. അതിനുശേഷമാകും തിമിംഗല ചർദ്ദിതന്നെയെന്ന് പൂർണ്ണമായും ഉറപ്പിക്കുക.
പെൺ തിമിംഗലങ്ങളുടെ ഉദരത്തിൽ നിന്നും ദ്രവമായി പുറത്തുവരുന്ന തവിട്ട് നിറമുള്ള മെഴുകുപോലെയുള്ള വസ്തുവാണ് തിമിംഗല ഛർദി. ആമ്പർ ഗ്രിസ് എന്നാണ് യഥാർത്ഥ നാമം. അന്താരാഷ്ട്ര വിപണിയിൽ കോടികളാണ് വില വരുന്നത്.മരുന്നിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും നിർമ്മാണത്തിനും മറ്റുമാണ് ഇവ ഉപയോഗിക്കാറുള്ളത്.ഇത് കൈവശം വയ്ക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്. ഇവയുടെ വില്പനയ്ക്കായി അന്താരാഷ്ട്രതലത്തിൽ മാഫിയകളും പ്രവർത്തിക്കുന്നുണ്ട്. ഏതായാലും കടലിൽ നിന്ന് കിട്ടിയ അമൂല്യ വസ്തു അധികൃതർക്ക് കൈമാറി മാതൃകയായിരിക്കുകയാണ് കൊല്ലത്തെ തൊഴിലാളികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam