
കൊച്ചി: നാല് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ കുസാറ്റ് അപകടം നടന്നിട്ട് ഒരു മാസമാകുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. നൂറിലധികം പേരുടെ മൊഴിയെടുത്തെങ്കിലും ഇത് വരെ ആരെയും പ്രതി ചേർക്കാതെയാണ് പൊലീസ് അന്വേഷണം. സർവ്വകലാശാല ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ട് വരുന്ന 27ന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കുസാറ്റ് വൈസ് ചാൻസലർ അറിയിച്ചു.
നവംബർ 25 വൈകീട്ട് കുസാറ്റിൽ എന്താണ് സംഭവിച്ചത്? നിയന്ത്രിക്കാനാകാത്ത ആൾക്കൂട്ടം എത്തിയതാണോ സമയക്രമം പാലിക്കുന്നതിലെ വീഴ്ചയാണോ ഓഡിറ്റോറിയത്തിന്‍റെ അശാസ്ത്രീയ നിർമ്മാണമാണോ? ഉത്തരം കണ്ടെത്താൻ സിൻഡിക്കറ്റ് ഉപസമിതി, ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രത്യേക സമിതി, തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, സബ് കളക്ടറുടെ അന്വേഷണം എന്നിവയാണ് പ്രഖ്യാപിച്ചത്. നാല് അന്വേഷണ സംഘങ്ങളും മൊഴിയെടുക്കലും ശാസ്ത്രീയ തെളിവു ശേഖരണവുമടക്കം പൂർത്തിയാക്കിയെങ്കിലും തുടർനടപടി ഒന്നുമായിട്ടില്ല.
നൂറിലധികം പേരുടെ മൊഴിയെടുത്ത പൊലീസ്, ഒന്നല്ല അപകടത്തിന് പലവിധ കാരണങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ മനപൂർവ്വമായ വീഴ്ചയ്ക്ക് നിലവിൽ തെളിവുകൾ ഇല്ല. വിദ്യാർത്ഥികൾ തമ്മിലെ പ്രശ്നങ്ങളെ തുടർന്നുള്ള ഉന്തും തള്ളുമാണ് അപകടത്തിന് വഴിവെച്ചന്ന ആരോപണങ്ങൾ ഉയർന്നെങ്കിലും പൊലീസ് ഈ സാധ്യത തള്ളുന്നു. സംഘാടകരായ വിദ്യാർത്ഥികൾ, മറ്റ് കോളേജിൽ നിന്നെത്തിയവർ, അദ്ധ്യാപകർ തുടങ്ങി നൂറിലധികം പേരുടെ മൊഴിയെടുത്തെങ്കിലും ഇത് സാധൂകരിക്കുന്ന മൊഴി ആരും നൽകിയിട്ടില്ല.
സംഭവം നടന്ന് ദിവസങ്ങൾക്കകം നൽകുമെന്ന് പറഞ്ഞ ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ട് ഈ വരുന്ന 27 ആം തിയതി ചേരുന്ന സിൻഡിക്കേറ്റിൽ ചർച്ച ചെയ്യുമെന്നാണ് കുസാറ്റ് വി സി ഡോ.പി ജി ശങ്കരന്റെ പ്രതികരണം. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള കെഎസ്‍യുവിന്‍റെ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam