'അറസ്റ്റില്ല, മോഹൻലാലിനെ ഓഫീസിലേക്ക് വിളിപ്പിച്ചില്ല'; വേടനെ കുടുക്കാന്‍ തിടുക്കം, ആനക്കൊമ്പ് കേസിൽ ഇഴച്ചിൽ

Published : Apr 30, 2025, 01:01 PM IST
'അറസ്റ്റില്ല, മോഹൻലാലിനെ ഓഫീസിലേക്ക് വിളിപ്പിച്ചില്ല'; വേടനെ കുടുക്കാന്‍ തിടുക്കം, ആനക്കൊമ്പ് കേസിൽ ഇഴച്ചിൽ

Synopsis

നിയമ ലംഘനം വ്യക്തമായിട്ടും വേടനെ കസ്റ്റഡിയില്‍ എടുത്തതു പോലെ ലാലിനെ കസ്റ്റഡിയില്‍ എടുത്തില്ല. നോട്ടീസ് നല്‍കി വനം വകുപ്പിന്‍റെ ഏതെങ്കിലുമൊരു ഓഫീസിലേക്ക് വിളിച്ചു വരുത്തിയതുമില്ല. മറിച്ച് ലാലിന്‍റെ സൗകര്യം നോക്കി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് നേരിട്ടെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുപ്പ് പോലും നടത്തിയത്.

കൊച്ചി: പുലിപ്പല്ലുമായി റാപ്പര്‍ വേടന്‍ അറസ്റ്റിലായതിനു പിന്നാലെ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചര്‍ച്ചയിലേക്കെത്തുകയാണ്. വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് ലാലിന്‍റെ കേസില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് നവമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.  2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി. 

ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും പക്കലില്ലാതിരുന്നിട്ടു കൂടി തിടുക്കത്തില്‍ ലാലിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് മെനക്കെട്ടില്ല. മറിച്ച് വലിയ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ ലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുത്തത്. അതും 2012 ജൂണ്‍ മാസത്തില്‍. വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടിമുതലായ ആനക്കൊമ്പുകള്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നുമില്ല. 

നിയമ ലംഘനം വ്യക്തമായിട്ടും വേടനെ കസ്റ്റഡിയില്‍ എടുത്തതു പോലെ ലാലിനെ കസ്റ്റഡിയില്‍ എടുത്തില്ല. നോട്ടീസ് നല്‍കി വനം വകുപ്പിന്‍റെ ഏതെങ്കിലുമൊരു ഓഫീസിലേക്ക് വിളിച്ചു വരുത്തിയതുമില്ല. മറിച്ച് ലാലിന്‍റെ സൗകര്യം നോക്കി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് നേരിട്ടെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുപ്പ് പോലും നടത്തിയത്. തൃശൂരിലും,കൊച്ചിയിലുമുളള രണ്ട് സുഹൃത്തുക്കള്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതാണ് ആനക്കൊമ്പുകളെന്നായിരുന്നു ലാല്‍ നല്‍കിയ മൊഴി. ആനക്കൊമ്പ് വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് അനുമതിയില്ലാതെ മാറ്റാനോ ഒന്നും നിയമം ഇല്ലാതിരുന്നിട്ടു കൂടിയും ഈ മൊഴിക്ക് ശേഷവും ലാലിനെതിരെ വനം വകുപ്പ് നടപടികള്‍ ഒന്നും ഉണ്ടായില്ല. 

മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ എന്ത് സംഭവിച്ചു? ലാലിനും വേടനും രണ്ട് നീതിയോ? - VIDEO

ഇതിനിടയില്‍ ആനക്കൊമ്പിന്‍റെ ഉടമസ്ഥാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാല്‍ അന്നത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചു. പരിശോധിക്കാന്‍ കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ചട്ടങ്ങള്‍ പലതും മറികടന്ന് വനം വകുപ്പ് ലാലിന് ഉടമസ്ഥാവകാശം അനുവദിക്കുകയും ചെയ്തു. അന്നത്തെ യുഡിഎഫ് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന ഗണേഷ് കുമാറിന്‍റെ സ്വാധീനത്തിലാണ് ലാലിന് ഈ ഉടമസ്ഥാവകാശം കിട്ടിയതെന്ന ആരോപണം അന്നും ഇന്നും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം ലാലിന് നല്‍കിയ നടപടിയിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി ഏലൂര്‍ സ്വദേശി പൗലോസും മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥനും നല്‍കിയ ഹര്‍ജികള്‍ ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. 

ഇതിനിടെ വനം വകുപ്പ് ലാലിനെതിരെ പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലാല്‍ പെരുമ്പാവൂര്‍ കോടതിയെ സമീപിച്ചു. കോടതി ഈ ആവശ്യം തളളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് തുടര്‍ നടപടികള്‍ക്ക് സ്റ്റേ വാങ്ങിയിരിക്കുകയാണ് ലാല്‍. വിവാദമായ ആനക്കൊമ്പുകള്‍ ഇന്നും മോഹന്‍ലാലിന്‍റെ പക്കലുണ്ട്. ആനക്കൊമ്പുകള്‍ മാത്രമല്ല അന്ന് ആ വീട്ടില്‍ നിന്ന് കണ്ടെടുത്ത ആനക്കൊമ്പില്‍ തീര്‍ത്ത 13 വിഗ്രഹങ്ങളും. വേടന്‍റെ കേസിലെ തിടുക്കം ഒരു ഘട്ടത്തിലും ലാലിന്‍റെ കാര്യത്തില്‍ വനം വകുപ്പില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നോ ഉണ്ടായിട്ടില്ലെന്ന് ചുരുക്കം. വേടനെതിരെ തിടുക്കത്തില്‍ നടപടികള്‍ വേണ്ടെന്നല്ല. മറിച്ച് ഒരേ സ്വഭാവമുളള രണ്ടു കേസുകളില്‍ രണ്ടു തരത്തിലുളള സമീപനമോ വേണ്ടതെന്ന ചോദ്യമാണ് ഉയരുന്നത്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്
സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ