
കോഴിക്കോട് : എ ഐ ക്യാമറാ കരാറുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഊരാളുങ്കൽ അടക്കമുള്ള കമ്പനികൾ ഉപ കരാർ കൊടുക്കുന്നത് പ്രിസാഡിയോ എന്ന കമ്പനിക്കാണ്. സർക്കാരിൽ നിന്ന് കിട്ടുന്ന പർച്ചേസ് ഓർഡറും കമ്മീഷനും എല്ലാം കിട്ടുന്നത് ഇതേ കമ്പനിക്ക് തന്നെയാണ്. ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്നതിൽ മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂവെന്നും സതീശൻ ആവർത്തിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ അഴിമതിയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ പടിവാതിലിലാണ്. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം എന്തെന്ന് അദ്ദേഹം വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് ഭീതിയും ഭയവുമാണ്. ഇക്കാരണത്താലാണ് അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിക്കുന്നത്. ഇത്ര ഭീരുവായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും സതീശൻ പരിഹസിച്ചു.
പ്രധാന പ്രവൃത്തികളൊന്നും ഉപ കരാർ കൊടുക്കരുതെന്ന് കരാറിലുണ്ട്. ഇത് ലംഘിച്ചിരുന്നു നടപടികൾ നടന്നത്. പ്രസാഡിയോ കമ്പനിക്ക് സർക്കാരുമായുള്ള ബന്ധമെന്തെന്ന് വ്യക്തമാക്കാൻ താൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ ക്യാമറക്ക് പിന്നിൽ നടന്നത് വൻ കൊള്ളയെന്ന് ആവർത്തിച്ച പ്രതിപക്ഷ നേതാവ്, വിജിലൻസ് അന്വേഷണം പ്രഹസനമാണെന്നും സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവർത്തിച്ചു. പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ മെയ് 20 ന് സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം ശക്തമാക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
യുഡിഎഫ് ചർച്ച ചെയ്താണ് ആരോപണം ഉന്നയിക്കുന്നതെന്നും സതീശൻ വിശദീകരിച്ചു. താനും രമേശ് ചെന്നിത്തലയും ആലോചിച്ചാണ് എഐ ക്യാമറ വിഷയത്തിൽ പ്രതികരണവും നടത്തുന്നത്. ആരാണ് പ്രതിപക്ഷ നേതാവ് എന്ന കാര്യത്തിൽ ഞങ്ങൾ തമ്മിൽ തർക്കമില്ല. അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കുന്ന ഘട്ടത്തിൽ ഉണ്ടായ കാര്യങ്ങളെക്കുറിച്ചാണ് ചെന്നിത്തല പ്രതികരിച്ചതെന്നാണ് സതീശന്റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam