
കാസർകോട് : വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരത്തെ ഇറങ്ങിയ ആനയെ ട്രാക്ക് ചെയ്യുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടതാണ് ഒരു മനുഷ്യ ജീവൻ പൊലിയുന്നതിലേക്ക് എത്തിയതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ മനുഷ്യനെ വന്യമൃഗങ്ങൾക്ക് വേണ്ടി എറിഞ്ഞ് കൊടുക്കുകയാണ്. വനം മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. മന്ത്രി രാജിവയ്ക്കണം. മരിച്ചയാളുകൾക്ക് കോമ്പൻസേഷൻ പോലും കൊടുത്തിട്ടില്ല.
സ്ഥിരമായി വന്യജീവികളുടെ ആക്രമണമുണ്ടാകുന്ന മാനന്തവാടിയിലെത് ദൗർഭാഗ്യകരമായ സാഹചര്യമാണ്. 30 ലക്ഷത്തോളം കർഷകർ കഴിഞ്ഞ നാലോ അഞ്ചോ വർഷമായി വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. മനുഷ്യ മൃഗ സംഘർഷം രൂക്ഷമാകുമ്പോഴും സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു. ബത്തേരിയിൽ മാത്രം അഞ്ച് കടുവകളാണുളളതെന്ന് നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ കളിയാക്കുന്ന രീതിയിലുളള മറുപടിയാണ് വനംമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. കർഷകർ തീരാദുരിതം നേരിടുന്നു. ഇരകൾക്ക് നഷ്ടപരിഹാരം പോലും സർക്കാർ കൊടുക്കുന്നില്ല. സംസ്ഥാന സർക്കാർ കണ്ണും കാതും മനസ്സും മൂടിവച്ചിരിക്കുന്നു. പലയിടത്തും സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
മൃതദേഹവുമായി പ്രതിഷധം ശക്തം
കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷധം ശക്തമാക്കി നാട്ടുകാര്‍. കാട്ടാന ജനവാസമേഖലക്കടുത്തെത്തിയിട്ടും നടപടി എടുക്കാത്ത വനംവകുപ്പിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ആനയുടെ സാന്നിധ്യം രണ്ട് ദിവസം മുൻപ് തന്നെ വനംവകുപ്പ് വിശദീകരിച്ചിരുന്നുവെങ്കിലും നടപടികളെടുത്തിരുന്നില്ല. റേഡിയോ കോളർ വിവരങ്ങൾ നൽകുന്നത് സംബന്ധിച്ച് കേരളവും കർണ്ണാടകവും തർക്കം തുടരുകയാണ്. വനംവകുപ്പിന്റെ അനാസ്ഥയാണ് ഒരു യുവാവിന്റെ ജീവനെടുക്കാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. വയനാട് എസ്പിക്ക് നേരെയും പ്രതിഷേധമുയര്‍ന്നു. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ ആശുപത്രിയിലേക്ക് നടന്നുപോകണമെന്ന് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam