
ദില്ലി: ഗ്യാൻവാപി കേസിൽ (Gyanwapi case) ഹിന്ദുസ്ത്രീകൾ നല്‍കിയ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമില്ലെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ ആദ്യം വാദം കേൾക്കാൻ ജില്ലാ കോടതി തീരുമാനം. വ്യാഴാഴ്ച്ച വാദം കേൾക്കൽ തുടങ്ങും. സർവ്വെ റിപ്പോർട്ടിനോട് എതിർപ്പുള്ളവർക്ക് അതറിയിക്കാൻ ഒരാഴ്ച്ചത്തെ സമയം കോടതി നല്‍കി. ഗ്യാൻവാപി മസ്‍ജിദിന്‍റെ പടിഞ്ഞാറേ മതിലിനോട് ചേർന്നുള്ള വിഗ്രഹങ്ങളിൽ പ്രാർത്ഥന നടത്താൻ അനുമതി തേടിയാണ് അഞ്ച് ഹിന്ദു സ്ത്രീകൾ സിവിൽ കോടതിയിൽ എത്തിയത്. സുപ്രീംകോടതി ഇടപെട്ട് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയിരുന്നു. 1991ലെ ആരാധനലായങ്ങൾ സംരക്ഷിക്കാനുള്ള നിയമം അനുസരിച്ച് കോടതിക്ക് ഈ വിഷയം കേൾക്കാൻ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം.
ആരാധനാലയങ്ങളുടെ സ്വാഭാവം മാറ്റാൻ കോടതികൾക്കും കഴിയില്ലെന്ന് കമ്മിറ്റി നല്‍കിയ ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ ആദ്യം വാദം കേൾക്കണമെന്ന നിർദ്ദേശം കോടതി അംഗീകരിച്ചു. എല്ലാ വിഷയങ്ങളും ഒന്നിച്ച് പരിഗണിക്കണമെന്ന എതിർകക്ഷികളുടെ നിർദ്ദേശം കോടതി തള്ളി. വ്യാഴാഴ്ച്ച ഇക്കാര്യത്തിൽ വാദം തുടങ്ങും. എന്നാൽ മസ്ജിദിൽ നടന്ന സർവ്വെയെക്കുറിച്ചുള്ള റിപ്പോർട്ടിനോട് എതിർപ്പുള്ളവർക്ക് അത് ഒരാഴ്‍ച്ചയ്ക്കുള്ളില്‍ നല്‍കാം. അടുത്തയാഴ്ച്ച ഈ വിഷയം കേൾക്കാൻ നോക്കാമെന്നാണ് ജില്ല കോടതി ജഡ്ജി എ കെ വിശ്വേശ അറിയിച്ചത്. പുതിയ സാഹചര്യത്തിൽ എന്തായാലും കേസ് നില്‍ക്കുമോ എന്നത് ആദ്യം കോടതിക്ക് തീരുമാനിക്കണം. തീർപ്പെന്തായാലും അത് മേൽക്കോടതികളിൽ എത്താനാണ് സാധ്യത. സുപ്രീംകോടതിയിലെ ഹർജി തുടരുമ്പോഴാണ് ജില്ലാ കോടതി ഇക്കാര്യത്തിലെ വാദത്തിലേക്ക് കടക്കുന്നത്.