
ദില്ലി:മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ പാട്ടക്കരാറിന്‍റെ സാധുത പരിശോധിക്കാൻ സുപ്രീം കോടതി. 1886ൽ തിരുവിതാംകൂർ സംസ്ഥാനവും ബ്രിട്ടീഷ് സർക്കാറും തമ്മിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാറിന് പുതിയസാഹചര്യത്തിൽ നിലനിൽപ്പുണ്ടോയെന്നും സ്വതന്ത്രാനന്തരം അണക്കെട്ടിന്‍റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണോ കേന്ദ്ര സരക്കാരിനാണോയെന്നും സുപ്രീം കോടതി പരിശോധിക്കും. കരാറിന് സാധുതയുണ്ടെന്ന് 2014ൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരുന്നു.
അന്ന് തീർപ്പാക്കിയ ഹർജി വീണ്ടും പരിശോധിക്കാമോ എന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, എ.ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ആദ്യം പരിഗണിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കേരളം മെഗാ പാര്‍ക്കിങ് കോംപ്ലക്‌സ് നിർമിക്കുന്നതിനെതിരെ തമിഴ്നാട് നൽകിയ ഹർജി പരിഗണിക്കുന്നതിന്‍റെ ഭാഗമായാണ് സുപ്രീം കോടതി നിർണായക പരിശോധനയ്ക്ക് ഒരുങ്ങുന്നത്. കരാർ പരിശോധനയടക്കം ഹർജിയിൽ പരിഗണന വിഷയങ്ങൾ നിർണ്ണയിച്ച് സുപ്രീം കോടതി ഉത്തരവിറക്കി. കേസിൽ സെപ്റ്റംബർ 30ന് കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും വാദം കേള്‍ക്കും.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അനൂകുലമായി സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പാട്ട ഭൂമിക്ക് പുറത്താണ് നിർമ്മാണമെന്നാണ് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ തല്‍സ്ഥിതി തുടരാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിനെതിരെ തമിഴ്നാട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയത്.
തമിഴ്നാട് നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് സര്‍വേ നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്. തുടര്‍ന്നാണ് സര്‍വേ ഓഫ് ഇന്ത്യ സ്ഥലം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. പെരിയാര്‍ കടുവാ സങ്കേത പരിസരത്ത് അനധികൃതമായിട്ടാണ് കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതെന്ന വാദമാണ് തമിഴ്നാട് ഉന്നയിച്ചിരുന്നത്.1886ലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പാട്ട കരാറിന്‍റെ ലംഘനമാണെന്നും തമിഴ്നാട് ചൂണ്ടികാണിച്ചിരുന്നു. ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേരളം നടത്തിയ നിര്‍മാണ പ്രവര്‍ത്തികളില്‍ തല്‍സ്ഥിതി തുടരാനും പുതിയ നിര്‍മാണം പാടില്ലെന്നുമായിരുന്നു നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam