
മലപ്പുറം: നിലമ്പൂർ വനത്തിൽ ജനറേറ്ററും മോട്ടോർ പമ്പ് സെറ്റുകളുമൊക്കെ ഉപയോഗിച്ച് സ്വർണ ഖനനം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കാൻ വനം വകുപ്പ്. പിടിയിലായ സമീപവാസികൾക്ക് പുറത്തു നിന്ന് സഹായം കിട്ടയിട്ടുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങൾ വനം വകുപ്പ് അന്വേഷിക്കും. സ്വർണ വില കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മണ്ണിൽ സ്വർണാംശം ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിട്ടുള്ള നിലമ്പൂർ മേഖലയിൽ വനത്തിൽ പ്രത്യേക നിരീക്ഷണം നടത്താനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
മലപ്പുറം നിലമ്പൂരിൽ വനമേഖലയിൽ ചാലിയാറിൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് സ്വർണം അരിച്ചെടുക്കുകയായിരുന്ന 7 അംഗ സംഘത്തെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്. മോട്ടോർ ഉൾപ്പെടെ തൊണ്ടി സാധനങ്ങൾ പിടിച്ചെടുത്തു. നിലമ്പൂർ റേഞ്ചിൽ പനയംകോട് സെക്ഷനിൽ ആയിരവല്ലിക്കാവ് വനത്തിൽ ഒഴുകുന്ന ചാലിയാറിലാണ് സംഭവം. വനം വകുപ്പിന്‍റെ വകുപ്പ് ഇന്‍റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് റേഞ്ച് ഓഫീസർ പി സൂരജിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ ആണ് പരിശോധന നടത്തിയത്.
മമ്പാട് സ്വദേശികളായ ഷമീം (43), അബ്ദുൽ റസാഖ്(56), സക്കീർ (53), അഷ്റഫ് (53), അലവിക്കുട്ടി (62), പന്താർ ജാബിർ (42), ടി സി സുന്ദരൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പനയംകോട് എസ് എഫ് ഒ സി കെ വിനോദ്, ബി എഫ് ഒ മാരായ എം നൗഷാദ്, പി പി അഖിൽ ദേവ്, എൻ ജിഷ്ണു എന്നിവർ ചേർന്നാണ് പിടികൂടിയത്. നടപടികൾക്ക് ശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam