
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ആദ്യ അറസ്റ്റ് സ്പോൺസർ വേഷം കെട്ടി ശബരിമലയിൽ നിന്ന് സ്വർണം കടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെതാണ്. പുലർച്ചെ 2.30നാണ് കേസിലെ ഒന്നാം പ്രതിയായ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. ഈ സാചര്യത്തില്‍ ആരാണ് ഉണ്ണികൃഷ്ണൻ പോറ്റിയെന്നും എന്തിനാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തതെന്നും നോക്കാം...
തിരുവനന്തപുരം കിളിമാനൂർ പുളിമാത്താണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വദേശം. ബെംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തിൽ ജോലി ചെയ്ത പരിചയവുമായാണ് 2007ൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തുന്നത്. കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് തുടക്കം. പിന്നീട് ഏതാനും വർഷങ്ങൾക്കുള്ളിൽ ദേവസ്വം ബോർഡ് അംഗങ്ങളുടെയും ദേവസ്വം മന്ത്രി അടക്കമുള്ള ഉന്നതരുടെയും അടുത്തയാളായി മാറുന്ന പോറ്റിയെയാണ് എല്ലാവരും കണ്ടത്. കർണാടകയിലെ സമ്പന്നരെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വളർന്നു. യാതൊരു വരുമാനവും ഇല്ലെന്ന് വിജിലൻസ് കണ്ടെത്തിയ പോറ്റി ലക്ഷങ്ങളുടെ വഴിപാടും സംഭാവനയുമാണ് ശബരിമലയ്ക്ക് നൽകിയത്.
ആദ്യം ശബരിമലയിൽ സ്വർണം പൊതിഞ്ഞ വാതിൽ മാറ്റി പുതിയ വാതിൽ നിർമ്മിച്ച് സ്വർണം പൂശി നൽകി. ഇതിന്റെ യഥാർത്ഥ സ്പോൺസർ ബെല്ലാരി സ്വദേശി ഗോവർധൻ ആയിരുന്നെങ്കിലും നേതൃത്വം പോറ്റിക്കായിരുന്നു. 2017 ൽ പോറ്റി ക്ഷേത്ര അലങ്കാരം, പടിപൂജ, ഉദയാസ്മന പൂജ, മേളം എന്നിവ നടത്തി. അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിതതിന് 10 ലക്ഷം രൂപ സംഭാവന നൽകി. 2017 ൽ തന്നെ 8.2 ലക്ഷം രൂപയുടെ രൂപയുടെ ചെക്കും 17 ടൺ അരിയും 30 ടൺ പച്ചക്കറിയും പോറ്റി സംഭാവന നൽകി. ശബരിമലയിലെ പതിനെട്ടാം പടിക്ക് മണിമണ്ഡപം നിർമ്മിച്ച് നൽകുകയും മണിമണ്ഡപത്തിലേക്കുള്ള മണികൾ നിർമ്മിച്ച് നൽകുകയും ചെയ്തു. അന്നദാനത്തിനായി 2025 ജനുവരിയിൽ ആറ് ലക്ഷം രൂപ നൽകി. 2025 മകരവിളക്കിനോട് അനുബന്ധിച്ച് 10 ലക്ഷം രൂപയും ഉണ്ണിക്കൃഷ്ണൻ പോറ്റി സംഭാവന നൽകി. ഇത് കൂടാതെ ചെറുതും വലുതുമായ പല പ്രവർത്തികളും വഴിപാടുകളും നടത്തി. പലതിന്റെയും യഥാർത്ഥ സ്പോൺസർമാർ മറ്റ് വ്യക്തികൾ ആയിരുന്നെങ്കിലും എല്ലാത്തിനും നേതൃത്വം പോറ്റിക്കായിരുന്നു. ഈ മുഴുവൻ ഇടപാടുകളും വീണ്ടും അന്വേഷിക്കണമെന്ന് ദേവസ്വം വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam