
കോഴിക്കോട്: മന്ത്രിസഭ അംഗങ്ങളെ കുറിച്ചുള്ള ഔദ്യോഗിക ചർച്ച തുടങ്ങാതെ മുസ്ലിം ലീഗ്. പി കെ കുഞ്ഞാലിക്കുട്ടി അടക്കം 8 പേരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഉപമുഖ്യമന്ത്രി സ്ഥാനം ചോദിക്കേണ്ടന്നാണ് തൽക്കാലം ലീഗിന്റെ തീരുമാനം. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ ലീഗുമായി ചര്‍ച്ച ചെയ്താകും കോണ്‍ഗ്രസ് തീരുമാനമെടുക്കുകയെന്ന് പ്രതീക്ഷിക്കുന്നതായി മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങള്‍ പ്രതികരിച്ചു.
പി കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, കെഎം ഷാജി എന്നിവരുടെ പേരുകളാണ് മലപ്പുറത്ത് നിന്ന് പരിഗണിക്കുന്നത്. ഇവരിൽ ഒരാൾക്കാവും മന്ത്രിസ്ഥാനം ലഭിക്കുക. ആറ് എംഎൽഎമാരുള്ള കോഴിക്കോട് നിന്ന് പാറക്കൽ അബ്ദുള്ള, റസാക്ക് മാസ്റ്റർ തുടങ്ങിയവരിൽ ഒരാളെ പരിഗണിക്കും. പാലക്കാട് നിന്ന് എൻ ഷംസുദ്ദീൻ്റെ പേരാണ് പരിഗണനയിലുള്ളത്. എല്ലാ ജില്ലകൾക്കും പ്രാതിനിധ്യം നൽകണമെന്ന് തീരുമാനം ഉണ്ടായാൽ എറണാകുളത്ത് നിന്ന് വി അബ്ദുൽ ഗഫൂറിന്റെ പേർ പരിഗണിക്കും. വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകനായ ഗഫൂർ ആദ്യമായാണ് എംഎൽഎ ആകുന്നത് എന്ന ന്യൂനതയുണ്ട്. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് മന്ത്രിസ്ഥാനത്തിന് അവകാശവുവാദവുമായി രംഗത്തുണ്ട്.
അതേസമയം, തൽക്കാലം ഉപമുഖ്യമന്ത്രി പദത്തിനായുള്ള ആവശ്യം ഉന്നയിക്കേണ്ട എന്നാണ് ലീഗിന്റെ തീരുമാനം. എന്നാൽ അർഹമായ സ്ഥാനങ്ങൾ കിട്ടുമെന്ന് ലീഗ് പ്രതീക്ഷിക്കുന്നുമുണ്ട്. ലീഗ് നേതൃയോഗം ഉടൻ ചേർന്ന് മന്ത്രിമാരുടെ കാര്യം തീരുമാനിക്കും. അതിനുമുമ്പ് പാണക്കാട് സാദിഖ് അലി തങ്ങൾ നേതാക്കളുടെ അഭിപ്രായം തേടുന്നുണ്ട്. ഒരു അസ്വാരസ്യവും ഇല്ലാതെ മന്ത്രിമാരുടെ നിർണയം പൂർത്തിയാക്കും എന്നാണ് ലീഗ് നേതൃത്വം പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam