
തിരുവനന്തപുരം : കെ.സുരേന്ദ്രന്‍ തുടരണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതിനാല്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍റെ പ്രഖ്യാപനം വൈകുന്നു. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ സുരേന്ദ്രന്‍ മാറിയാല്‍ പല പേരുകളാണ് പാര്‍ട്ടി ദേശീയ നേതൃത്വം പരിഗണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ പരീക്ഷണങ്ങള്‍ക്കും പാര്‍ട്ടി ചിലപ്പോള്‍ മുതിര്‍ന്നേക്കും.
കെ.സുരേന്ദ്രൻ തുടർന്നില്ലെങ്കിൽ എംടി രമേശിന്റെയും ശോഭാ സുരേന്ദ്രൻറെയും പേരുകളാണ് പരിഗണനയിലുള്ളത്. ദീര്‍ഘകാലമായി രമേശ് സംസ്ഥാന ഭാരവാഹിയായി തുടരുകയാണ്. രമേശിന്‍റെ സീനിയോരിറ്റി മറികടന്നാണ് 2020 ല്‍ കെ സുരേന്ദ്രനെ പാര്‍ട്ടി ദേശീയ നേതൃത്വം പ്രസിഡന്‍റാക്കിയത്. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ നിന്നും നിലവിലെ സാഹചര്യത്തില്‍ രമേശിന് എതിര്‍പ്പുകളില്ല. സംസ്ഥാന പാര്‍ട്ടിയിലെ ക്രൗഡ് പുള്ളർ എന്ന പരിഗണനയാണ് ശോഭ സുരേന്ദ്രൻറെ ഹൈ ലൈറ്റ്. എന്നാല്‍ വി.മുരളീധരന്‍-കെ.സുരേന്ദ്രന്‍ സഖ്യത്തിന്‍റെ കണ്ണിലെ കരടാണ് ശോഭ. ദേശീയ തലത്തിലെ ഒരു വിഭാഗം നേതാക്കളുമായി നല്ല ബന്ധത്തിലാണ് ശോഭ. തരാതരം ഗ്രൂപ്പ് ബലാബലം പരീക്ഷിക്കുന്ന കേരള ബിജെപിയില്‍ മാറ്റത്തിന്‍റെ മുഖം പരീക്ഷിക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചാല്‍ പുതിയ പേരു വരും.
കുമ്മനം രാജശേഖരന്‍റെ വരവ് പോലെ ബിജെപി നേതൃനിരയിൽ നിന്നല്ലാതെ ആര്‍എസ്എസ് മറ്റുപേരുകളും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പരീക്ഷിച്ചേക്കാം. സംസ്ഥാനത്ത് നിന്ന് കേന്ദ്രമന്ത്രിസഭയിലെത്തിയത് നായര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളായതിനാല്‍ സംസ്ഥാന അധ്യക്ഷന്‍ ഈഴവ സമുദായത്തില്‍ നിന്നാവാന്‍ സാധ്യത കൂടുതലാണ്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ വോട്ടുവിഹിതം കൂട്ടുന്നതില്‍ മുഖ്യപങ്കുവഹിച്ച വി മുരളീധരന്‍ ഒരു തവണ കൂടി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് വരാനുളള സാധ്യതയും തള്ളിക്കളയാനാകില്ല. 2020 ല്‍ സംസ്ഥാന അധ്യക്ഷന്മാരായ നേതാക്കളില്‍ കെ സുരേന്ദ്രന്‍ മാത്രമാണ് ഇപ്പോള്‍ തുടരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ മാറ്റം വേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് ഇനിയും തീരുമാനമാകാത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam