തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്‍റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. എംഎൽഎമാരിൽ കൂടുതൽ പേരുടെ പിന്തുണ കിട്ടിയ സാഹചര്യത്തിൽ രമേശ് ചെന്നിത്തല തുടരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. എന്നാൽ വിഡി സതീശന് നറുക്ക് വീഴുമെന്നാണ് മാറ്റത്തിനായി മുറവിളി ഉയർത്തുന്നവരുടെ കണക്ക് കൂട്ടൽ.
21ൽ 19 പേരുടെയും പിന്തുണ ചെന്നിത്തലക്കെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. ഗ്രൂപ്പിന് അതീതമായ പിന്തുണയുണ്ടായെന്ന് സതീശൻ അനുകൂലികൾ വാദിക്കുന്നു. ഉമ്മൻചാണ്ടി ചെന്നിത്തലയെ പിന്തുണച്ചിട്ടും എ ഗ്രൂപ്പ് അംഗങ്ങളിൽ ചിലർ സതീശനെ പിന്തുണച്ചെന്നാണ് വിവരം.
കേരളത്തിലെ തോല്‍വി വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ഹൈക്കമാൻഡ്. മുതിര്‍ന്ന നേതാക്കളോടും എംഎല്‍എമാരോടും ഇതിനായി ചുമതലപ്പെടുത്തിയ സമിതി സംസാരിക്കാനിരിക്കുകയാണ്. കേരളത്തിലെ തിരിച്ചടിയില്‍ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ നല്‍കിയ റിപ്പോര്‍ട്ടും സമിതിക്ക് മുന്‍പിലുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പുകളൊന്നും തല്‍ക്കാലം മുന്‍പിലില്ലാത്തതിനാല്‍ കേരളഘടകത്തില്‍ ഉടന്‍ പുനഃസംഘടന വേണ്ടെന്ന നിലപാടാണ് മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ക്ക്. പ്രതിപക്ഷ നേതാവായി തുടരണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആഗ്രഹം. സമവായമെന്ന നിലക്ക് മുല്ലപ്പള്ളിക്കും തുടര്‍ അവസരം നല്‍കുന്നതില്‍ ഐ ഗ്രൂപ്പിലെ ചെന്നിത്തല അനുകൂലികള്‍ക്ക് എതിര്‍പ്പില്ല. 21 എംഎല്‍എമാരില്‍ 12 പേര്‍ ഐ ഗ്രൂപ്പും, 9 പേര്‍ എ ഗ്രൂപ്പുമാണ്. ഇതില്‍ സുധാകരന്‍ , കെ സി വേണുഗോപാല്‍ പക്ഷക്കാരുമുണ്ട് . ദേശീയ തലത്തില്‍ ചുമതല നല്‍കാനുള്ള ആലോചനകളില്‍ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. പൊതുവെ ദുര്‍ബലമായ ഹൈക്കമാന്‍ഡും കേരളത്തിലെ പുനഃസംഘടനയില്‍ ധര്‍മ്മ സങ്കടത്തിലാണെന്നാണ് വിവരം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam